Breaking News

ആറു മാസം ഐസിയു വാസം; മരണത്തെ കീഴടക്കി മലയാളി കൊവിഡ് മുന്നണിപ്പോരാളി ജീവിതത്തിലേക്ക്

 ആറു മാസം ഐസിയു വാസം; മരണത്തെ കീഴടക്കി മലയാളി കൊവിഡ് മുന്നണിപ്പോരാളി ജീവിതത്തിലേക്ക്

യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളി അരുൺ കുമാർ എം നായർ  രണ്ടാം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു




അബുദാബി: വൈദ്യശാസ്ത്രത്തിന് തീർത്തും അസാധ്യമെന്ന് ആശങ്കപ്പെട്ട അവസ്ഥ. തുടർച്ചയായ ഹൃദയാഘാതങ്ങളെ തുടർന്ന് പ്രതീക്ഷകൾക്ക് അറുതിയായെന്ന് ഡോക്ടർമാരും കുടുംബവും കരുതിയ നിമിഷങ്ങൾ. അസാധ്യമെന്ന് കരുതിയത് ഒടുവിൽ സാധ്യമാക്കി യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളി അരുൺ കുമാർ എം നായർ  രണ്ടാം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടക്കം മുതൽ അണിനിരന്ന 38കാരനായ അരുൺ കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആറുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് അബോധാവസ്ഥയിൽ നിന്ന് തിരിച്ചെത്തുന്നത്. അത്ഭുതകരമായ അതിജീവനത്തിന് പിന്നാലെ ആശുപത്രി മുറിയിൽ നിന്നിറങ്ങിയ അരുണിനെ സ്വീകരിക്കാനായി സഹപ്രവർത്തകർ ഒരുക്കിയത് വികാരഭരിതമായ വരവേൽപ്പ്. 

സ്വന്തം ജീവൻ അപായത്തിലാക്കി യുഎഇയ്ക്ക് വേണ്ടി നടത്തിയ സേവനത്തെയും പോരാട്ട വീര്യത്തെയും ആദരിച്ച് വിപിഎസ് ഹെൽത്ത് കെയർ അരുണിന് 50 ലക്ഷം രൂപ (2.50 ലക്ഷം ദിർഹം) ധനസഹായം പ്രഖ്യാപിച്ചു. ധീരനായ മുന്നണിപ്പോരാളിയുടെ തിരിച്ചുവരവ് ആഘോഷിക്കാനായി വ്യാഴാഴ്ച ബുർജീൽ ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അരുണിന്റെ എമിറാത്തി സഹപ്രവർത്തകർ അദ്ദേഹത്തിന് ഈ സ്‍നേഹസമ്മാനം കൈമാറി. കേരളത്തിൽ ആരോഗ്യപ്രവർത്തകയായിരുന്ന അരുണിന്റെ ഭാര്യയ്ക്ക്   ഗ്രൂപ്പ്  ജോലി വാഗ്ദാനം ചെയ്തു. മകന്റെ വിദ്യാഭ്യാസ ചെലവും വഹിക്കും.

കൊവിഡിനെതിരായ അരക്കൊല്ലത്തോളം നീണ്ട പോരാട്ടം സൃഷ്ടിച്ച ഗുരുതരമായ സങ്കീർണതകളിലും കൃത്രിമ ശ്വാസകോശത്തിന്റെ (ECMO മെഷീൻ) പിന്തുണയോടെയാണ് അരുൺ ശ്വാസോച്ഛാസം നടത്തുകയും ജീവൻ നിലനിർത്തുകയും ചെയ്തത്. തുടർച്ചയായ ഒന്നിലധികം ഹൃദയാഘാതങ്ങളടക്കം നിരവധി സങ്കീർണതകൾ. ട്രക്കിയോസ്റ്റമി, ബ്രോങ്കോസ്കോപ്പി തുടങ്ങിയ നടപടിക്രമങ്ങൾ. കഠിന വേദനകൾ  അതിജീവിച്ചു തിരിച്ചെത്തുമ്പോഴും സഹപ്രവർത്തകരുടെ ഊഷ്മള വരവേൽപ്പിന് സാക്ഷിയായപ്പോൾ അരുണിന്റെ മുഖത്തു തെളിഞ്ഞത് സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും നിറപുഞ്ചിരി. 

ദൈവത്തിനും ഡോക്ടർമാർക്കും നന്ദിഅബുദാബി ബുർജീൽ ആശുപത്രിയിലെ മുറിയിലേക്ക് അരുൺ മാറിയിട്ട് ഒരു മാസമേ ആയുള്ളൂ.  അഞ്ചുമാസത്തിലേറെക്കാലം ജീവൻരക്ഷാ സംവിധാനത്തിൽ ഐസിയുവിൽ. സംഭവിച്ച കാര്യങ്ങൾ  ഓർത്തെടുക്കുമ്പോൾ അരുണിന്റെ കണ്ണുകൾ നിറയുന്നു.  കൊവിഡ് പോസിറ്റിവ് ആയശേഷം ക്വാറന്റീനിൽ കഴിയുമ്പോൾ അരുൺ ഒരിക്കൽപ്പോലും കരുതിയിരുന്നില്ല, കാത്തിരിക്കുന്നത് മരണത്തെ മുഖാമുഖം കാണുന്ന ദുർഘട പാതയാണെന്ന്. അവ്യക്തമായ ഓർമയിൽ തെളിയുന്ന അവസാന നിമിഷം കടുത്ത ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ട നിമിഷങ്ങൾ മാത്രം. കഴിഞ്ഞ ആറു മാസത്തിൽ നടന്ന പലകാര്യങ്ങളും അർദ്ധബോധാവസ്ഥയിലായിരുന്ന അരുണിന് ഓർത്തെടുക്കാൻ പോലുമാവുന്നില്ല. 

അലക്ഷ്യവും അവ്യക്തവുമായ കുറച്ചു ചിത്രങ്ങൾ മാത്രമാണ് മനസ്സിൽ. 'മരണ മുനമ്പിൽ നിന്ന് രക്ഷപ്പെട്ടെത്തിയെന്ന് മാത്രം അറിയാം. രണ്ടാം ജീവിതം തന്ന ദൈവത്തിനു നന്ദി'. ഇടറുന്ന ശബ്ദത്തിൽ അരുൺ പറയുന്നു. 

No comments