പോർച്ചുഗൽ, പോളണ്ട്, സെനഗൽ ലോകകപ്പിന്; ഈജിപ്ത് പുറത്ത്
പോർച്ചുഗൽ, പോളണ്ട്, സെനഗൽ ലോകകപ്പിന്; ഈജിപ്ത് പുറത്ത്
നോർത്ത് മസിഡോണിയയെ കീഴടക്കി പോർച്ചുഗലും സ്വീഡനെ വീഴ്ത്തി പോളണ്ടും ഖത്തർ ലോകകപ്പിന് യോഗ്യത നേടി. സ്വന്തം തട്ടകമായ പോർട്ടോയിൽ മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് നേടിയ രണ്ടു ഗോളിന് പോർച്ചുഗൽ ജയിച്ചപ്പോൾ റോബർട്ട് ലവൻഡോസ്‌കി, സെലിൻസ്കി എന്നിവരുടെ ഗോളിലായിരുന്നു പോളണ്ടിന്റെ ജയം. പെനാൽറ്റിയിൽ ഈജിപ്തിനെ കീഴടക്കി ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലും ലോകകപ്പ് യോഗ്യത നേടി.
ഇറ്റലിയെ കീഴടക്കി പ്ളേഓഫ് ഫൈനലിന് യോഗ്യത നേടിയ നോർത്ത് മസിഡോണിയ നിർണായക മത്സരത്തിന്റെ ആദ്യഘട്ടത്തിൽ പ്രതിരോധം ഉയർത്തിയെങ്കിലും സ്വന്തം പിഴവിൽ വഴങ്ങിയ ഗോൾ തിരിച്ചടിയാവുകയായിരുന്നു. 32ആം മിനുട്ടിൽ മസിഡോണിയൻ താരത്തിന്റെ പാസ് പിടിച്ചെടുത്ത ബ്രൂണോ ഫെർണാണ്ടസ്, പന്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കൈമാറി. ഗോൾ ഏരിയയുടെ അതിർത്തിയിൽ വെച്ചു ക്രിസ്റ്റ്യാനോ പന്ത് സഹതാരത്തിന് കൈമാറുകയും കരുത്തുറ്റ ഷോട്ടിൽ ബ്രൂണോ ഫെർണാണ്ടസ് വലകുലുക്കുകയും ചെയ്തു.
65-ആം മിനുട്ടിൽ മസിഡോണിയൻ ആക്രമണത്തിനിടെ ക്ഷണവേഗത്തിലുള്ള പ്രത്യാക്രമണമാണ് പറങ്കികൾക്ക് രണ്ടാം ഗോൾ നൽകിയത്. ഡിയാഗോ ജോട്ട ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഫസ്റ്റ് ടച്ച് ഷോട്ടിലൂടെ ബ്രൂണോ വലയിലെത്തിച്ചു.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 49ആം മിനുട്ടിൽ പെനാൽറ്റി സ്പോട്ടിൽ നിന്നാണ് ലവൻഡോസ്‌കി സ്വീഡനെതിരെ പോളണ്ടിന് ലീഡ് നൽകിയത്. 72ആം മിനുട്ടിലാണ് വിജയമുറപ്പിച്ച സെലിൻസ്കിയുടെ ഗോൾ വന്നത്.
ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ആവർത്തനമായ ആഫ്രിക്കൻ യോഗ്യതാ മൂന്നാം റൗണ്ടിൽ പെനാൽറ്റിയിലാണ് സെനഗൽ വിജയം നേടിയത്. ആദ്യപാദത്തിൽ ഈജിപ്ത് ഒരു ഗോളിന് ജയിച്ചിരുന്നെങ്കിലും നിർണായകമായ രണ്ടാം പാദത്തിന്റെ നാലാം മിനുട്ടിൽ ഈജിപ്ത് താരം ഹംദി ഫാതിയുടെ സെൽഫ് ഗോൾ ആഫ്രിക്കൻ ചാമ്പ്യന്മാർക്ക് തുണയായി. ഷൂട്ടൗട്ടിൽ 3-1 നായിരുന്നു സെനഗലിന്റെ ജയം. ഈജിപ്തിന്റെ ആദ്യ കിക്കെടുത്ത സൂപ്പർ താരം മുഹമ്മദ് സലാഹ് ബാറിന് മുകളിലൂടെ പറത്തി അവസരം നഷ്ടപ്പെടുത്തിയപ്പോൾ നിർണായകമായ അവസാന കിക്ക് ലക്ഷ്യത്തിലെത്തിച്ചു സാദിയോ മാനെ സെനഗലിന്റെ വിജയമുറപ്പാക്കി.

No comments