പെരുന്നാളിന് നാട്ടിൽ പോയാൽ പോക്കറ്റ് കാലിയാകും..! യുഎഇ-ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധന
പെരുന്നാളിന് നാട്ടിൽ പോയാൽ പോക്കറ്റ് കാലിയാകും..! യുഎഇ-ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധന
അബുദാബി: നാട്ടിൽ പോയി പെരുന്നാൾ ആഘോഷിക്കാൻ പദ്ധതിയിടുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്, യുഎഇ-ഇന്ത്യ വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വർദ്ധിച്ചുവെന്ന് റിപ്പോർട്ടുകൾ. രണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്കു ശേഷം പെരുന്നാളിന് നാട്ടിൽ പോകാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത മലയാളി കുടുംബങ്ങൾക്ക് കൈ പൊള്ളി.
10 ദിവസത്തിനിടയ്ക്കു റോക്കറ്റ് വേഗത്തിൽ ഉയർന്ന ടിക്കറ്റ് നിരക്ക് കണ്ടു യാത്ര വേണ്ടെന്നു വച്ചവരും ഉണ്ട്. കൊവിഡ് നിയന്ത്രണം മാറി സാധാരണ എയർലൈനുകൾ സർവീസ് ആരംഭിച്ചാൽ നിരക്കു കുറയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് പ്രവാസികൾക്ക് കനത്ത തിരിച്ചടി.
തിരക്കു കൂടുമ്പോൾ നിരക്കു വർധിപ്പിക്കുന്ന പതിവിനു ഇത്തവണയും മാറ്റമുണ്ടായില്ല. ദുബായിൽ നിന്നു കൊച്ചിയിലേക്കു വൺവേയ്ക്ക് ശരാശരി 450 ദിർഹമാണു (7729 രൂപ) ടിക്കറ്റ് നിരക്കെങ്കിൽ പെരുന്നാളിനു തൊട്ടു മുൻപ്, അതായത് ഈ മാസം 30ന് 1550 ദിർഹം (32227 രൂപ) ആയി വർധിച്ചു.
ഒരാൾക്ക് നാട്ടിൽ പോയി ഒരാഴ്ചയ്ക്കകം തിരിച്ചുവരണമെങ്കിൽ കുറഞ്ഞത് 2500 ദിർഹം (52000) രൂപ കൊടുക്കണം. പോകാനും വരാനും വ്യത്യസ്ത എയർലൈനുകളിൽ സീറ്റ് തരപ്പെടുത്തിയാലേ ഈ നിരക്കിൽ യാത്ര ചെയ്യാനാകൂ. ഒരേ എയർലൈനിലാണെങ്കിൽ ചിലപ്പോൾ നിരക്ക് ഇനിയും കൂടും.
മേയ് 2ന് പെരുന്നാൾ ആകാനാണു സാധ്യത. പെരുന്നാൾ അവധി പ്രയോജനപ്പെടുത്തി ഒരാഴ്ചത്തേക്കു നാട്ടിലേക്കു പോയി വരാൻ നാലംഗ കുടുംബത്തിനു കുറഞ്ഞത് 9500 ദിർഹം (2 ലക്ഷത്തോളം രൂപ) നൽകണം. ഇത്ര തുക കൊടുത്താൽ പോലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ലഭിക്കില്ല.
മണിക്കൂറുകളുടെ ഇടവേളകളിൽ മറ്റേതെങ്കിലും രാജ്യം വഴി കണക്ഷൻ വിമാനമാണു ലഭിക്കുക. നേരിട്ടു വിമാനത്തിൽ സീറ്റ് ലഭിക്കുകയാണെങ്കിൽ അഞ്ചിരട്ടി തുക കൊടുക്കേണ്ടിവരും.
കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ സെക്ടറുകളിൽ തിരക്കിന് അനുസരിച്ച് ടിക്കറ്റ് നിരക്കിൽ നേരിയ ഏറ്റക്കുറച്ചിലുണ്ട്. കൊവിഡിനെ തുടർന്ന് യാത്ര മാറ്റിവച്ച പലരും യാത്രാ ഇളവ് വന്നതിനെ തുടർന്നു നാട്ടിലേക്കു പോകാൻ തുടങ്ങിയിരുന്നു. ഇതോടെ വിമാന ടിക്കറ്റ് നിരക്കും വർധിപ്പിച്ചു.

No comments