Breaking News

ഭാര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അശ്ലീല കമന്റ്; സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു

 ഭാര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അശ്ലീല കമന്റ്; സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു



മൈസൂരു: പട്ടാപ്പകൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേർ അടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ. ഹുൻസൂർ അങ്കത്തഹള്ളി സ്വദേശി എച്ച്. ബിരേഷി (23)നെ കൊലപ്പെടുത്തിയ കേസിലാണ് ജിംനേഷ്യം ജീവനക്കാരനായ നിതിൻ (23) മനോജ് കുമാർ (24) പൊതുരാജ് (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. നിതിന്റെ ഭാര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനടിയിൽ അശ്ലീല കമന്റിട്ടതിനാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

നിതിനും മനോജ്കുമാറും കൊല്ലപ്പെട്ട ബിരേഷും സുഹൃത്തുക്കളാണ്. അടുത്തിടെയാണ് നിതിന്റെ വിവാഹം കഴിഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് നിതിന്റെ ഭാര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ബിരേഷ് അശ്ലീലച്ചുവയുള്ള കമന്റിട്ടു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുഹൃത്തിനെ കൊലപ്പെടുത്താൻ നിതിൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.

മറ്റു രണ്ട് പ്രതികളുടെ സഹായത്തോടെയാണ് നിതിൻ കൊലപാതകം ആസൂത്രണം ചെയ്തത്. ജൂലായ് 12-ാം തീയതിയായിരുന്നു സംഭവം. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ബിരേഷിനെ നിതിനും മനോജും ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോയി. ഒരിടത്തേക്ക് പോകാനുണ്ടെന്ന് പറഞ്ഞാണ് ഇവർ ബിരേഷിനെ ബൈക്കിൽ കയറ്റിയത്. തുടർന്ന് യാത്രയ്ക്കിടെ ബൈക്കിൽ നടുവിൽ ഇരിക്കുകയായിരുന്ന ബിരേഷിനെ പിന്നിലിരുന്ന നിതിൻ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.

യുവാവിന്റെ കഴുത്തിലാണ് ആഴത്തിലുള്ള കുത്തുകളേറ്റത്. പിന്നാലെ യുവാവിനെ വഴിയരികിൽ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. ചോരയൊലിച്ച് കിടക്കുന്ന നിലയിൽ ബിരേഷിനെ കണ്ടെത്തിയ നാട്ടുകാരാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ജൂലായ് 13-ന് ബിരേഷ് മരിച്ചു.

സംഭവത്തിൽ ബിരേഷിന്റെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടർന്നാണ് മൂന്ന് പ്രതികളെയും പിടികൂടിയത്. അതേസമയം, കേസിൽ മൂന്നാംപ്രതിക്കുള്ള പങ്ക് എന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

No comments