കനത്ത തിരിച്ചടി: അദാനി കമ്പനികളുടെ വിപണി മൂല്യത്തില്‍ 100 ബില്യണ്‍ ഡോളര്‍ നഷ്ടമായി
കനത്ത തിരിച്ചടി: അദാനി കമ്പനികളുടെ വിപണി മൂല്യത്തില്‍ 100 ബില്യണ്‍ ഡോളര്‍ നഷ്ടമായി
ലോക കോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനിയുടെ സ്ഥാനം ഇപ്പോൾ 16-ാംസ്ഥാനത്തായി
എഫ്.പി.ഒയിൽനിന്ന് പിൻവാങ്ങിയതോടെ അദാനി ഓഹരികളിൽ വീണ്ടും കനത്ത തകർച്ച. ഇതോടെ അദാനി കമ്പനികളുടെ വിപണി മൂല്യത്തിൽ 100 ബില്യൺ ഡോളർ (8.19 ലക്ഷം കോടി രൂപ) നഷ്ടമായി.
അദാനി എന്റർപ്രൈസസിന്റെ എഫ്പിഒ പൂർണമായി സബ്സ്ക്രൈബ് ചെയ്തിട്ടും നാടകീയമായി അതിൽനിന്ന് പിന്മാറിയതോടയാണ് വ്യാഴാഴ്ച ഓഹരികൾ ഇടിവ് നേരിട്ടത്. നിക്ഷേപകരുടെ താൽപര്യത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് പറഞ്ഞായിരുന്നു അദാനിയുടെ പിന്മാറ്റം. ഓഹരി വിപണിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം നിലവിലെ സാഹചര്യത്തിൽ എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാർമികമായി ശരിയല്ലെന്ന് വിലയിരുത്തിയാണ് ബോർഡ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന അദാനി വിശദീകരിച്ചിരുന്നു.
ചൊവാഴ്ച എഫ്പിഒ പൂർണമായി സബ്സ്ക്രൈബ് ചെയ്തിട്ടും അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡെൻബെർഗിന്റെ വിമർശനം രൂക്ഷമായതിനെതുടർന്നാണ് ഓഹരി അലോട്ട് ചെയ്യും മുമ്പെ അദ്ദേഹം കളത്തിൽനിന്ന് പിന്മാറിയത്. ദിനംപ്രതിയെന്നോണം അദാനി ഗ്രൂപ്പ് ഓഹരികൾ തകർച്ച നേരിട്ടതോടെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം അദാനിക്ക് നഷ്ടമായിരുന്നു. ഫോബ്സ് പട്ടിക പ്രകാരം കഴിഞ്ഞയാഴ്ച ലോക കോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനിയുടെ സ്ഥാനം ഇപ്പോൾ 16-ാംസ്ഥാനത്തായി
ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ അദാനി എന്റർപ്രൈസസിന്റെ ഓഹരി വിലയിൽ വ്യാഴാഴ്ച തുടക്കത്തിൽ നേട്ടമുണ്ടായെങ്കിലും പിന്നീട് 10ശതമാനം ഇടിവ് നേരിട്ടു. അദാനി പോർട്സ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ ഓഹരി വിലയും 10ശതമാനം താഴ്ന്നു. അദാനി പവറിനും അദാനി വിൽമറിനും അഞ്ചു ശതമാനം വീതം നഷ്ടമായി. തുറമുഖം, ഖനനം മുതൽ സിമന്റ് വരെ വ്യാപിച്ചുകിടക്കുന്ന അദാനി സാമ്രാജ്യത്തിന് ഓഹരികൾ തുടർച്ചയായി ഇടിവ് നേരിട്ടത് തിരിച്ചടിയായി.
വായ്പാ വിവരങ്ങൾ തേടി ആർബിഐ
അതിനിടെ, അദാനി ഗ്രൂപ്പ് കമ്പനികൾക്ക് നൽകിയ വായ്പകളുടെ വിശദാംശങ്ങൾ റിസർവ് ബാങ്ക് തേടിയതായി റിപ്പോർട്ടുകളുണ്ട്. മൊത്തം കടബാധ്യതയാ രണ്ട് ലക്ഷം കോടി രൂപയുടെ 40ശതമാനം രാജ്യത്തെ ബാങ്കുകളിൽനിന്നെടുത്തതാണെന്നാണ് കണക്ക്.

No comments