Breaking News

ഡിസ്ചാർജ് ചെയ്യേണ്ട രോഗിക്ക് പകരം വിട്ടയച്ചത് മറ്റൊരു രോ​ഗിയെ; വിശദീകരണം തേടി ജില്ല മെഡിക്കൽ ഓഫീസർ

 ഡിസ്ചാർജ് ചെയ്യേണ്ട രോഗിക്ക് പകരം വിട്ടയച്ചത് മറ്റൊരു രോ​ഗിയെ; വിശദീകരണം തേടി ജില്ല മെഡിക്കൽ ഓഫീസർ



ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയിൽ ഡിസ്ചാർജ് ചെയ്യേണ്ട രോഗിക്കുപകരം മറ്റൊരു രോ​ഗിയെ പറഞ്ഞു വിട്ട് അധികൃതർ. ഓർത്തോ ഡോക്ടർ നിർദേശിച്ച രോഗിക്കുപകരം സിവിൽ സർജന്റെ ചികിത്സയിലിരുന്ന രോഗിയെയാണ് ഡിസ്ചാർജ് ചെയ്തത്. കഴിഞ്ഞ ജനുവരി 30 നായിരുന്നു സംഭവം. ഓർത്തോ ഡോക്ടർ അഡ്മിറ്റ് ചെയ്തു ശസ്ത്രക്രിയ നടത്തിയ ഇടമലക്കുടി സ്വദേശി മഹേശ്വരനും (53) സർജൻ അഡ്മിറ്റ് ചെയ്ത വേലിയാംപാറ കുടിയിലെ രാജു നാഗനും (40) ആശുപത്രി വാർഡിൽ ചികിത്സയിലുണ്ടായിരുന്നു.

തന്റെ രോഗിക്കു കഴിഞ്ഞ മാസം 30 നു ഡിസ്ചാർജ് സമ്മറി എഴുതി ഓർത്തോ സർജൻ വാർഡിലെ നേഴ്സുമാരെ ഏൽപിച്ചിരുന്നു. എന്നാൽ സർജൻ അഡ്മിറ്റ് ചെയ്ത രാജു നാഗനെ നേഴ്സുമാർ ഡിസ്ചാർജ് ചെയ്ത് ഓർത്തോ ഡോക്ടർ കുറിച്ച മരുന്നുകൾ രാജു നാഗനു നൽകി വീട്ടിലേക്ക് പറഞ്ഞുവിട്ടു.തുടർന്ന് ജനുവരി 31 ന് സർജൻ എത്തി വാർഡ് പരിശോധിച്ചപ്പോഴാണ് തന്റെ രോ​ഗിയെ കാണാനില്ലെന്ന് മനസിനാക്കിയത്. സർജൻ വിവരം തിരക്കിയപ്പോഴാണ് ഡിസ്ചാർജ് ചെയ്ത രോഗി മാറി പോയ കാര്യം അറിയുന്നത്. സൂപ്രണ്ടിനെ വിവരം അറിയിക്കുകയും തുടർന്ന് അന്വേഷണം നടത്തിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ല. അതേസമയം ആശുപത്രിയിലെ ജീവനക്കാർ ചേർന്ന് രാജു നാഗന്റെ വീട്ടിൽ എത്തി മാറി പോയ മരുന്ന് തിരികെ വാങ്ങി ശരിക്കുള്ള മരുന്ന് നൽകി തലയൂരി. എന്നാൽ സംഭവത്തെ കുറിച്ച് ജില്ല മെഡിക്കൽ ഓഫീസർ വിശദീകരണം തേടി. പിന്നീട് മഹേശ്വരനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.

No comments