1000 രൂപയുടെ മുറിക്ക് 10,000 വരെ; മൂന്നാറിലെ സഞ്ചാരികളുടെ പോക്കറ്റടിച്ച് ഹോട്ടലുകള്‍; കഴുത്തറപ്പിന് കടിഞ്ഞാണിടാന്‍ അധികൃതര്‍
1000 രൂപയുടെ മുറിക്ക് 10,000 വരെ; മൂന്നാറിലെ സഞ്ചാരികളുടെ പോക്കറ്റടിച്ച് ഹോട്ടലുകള്‍; കഴുത്തറപ്പിന് കടിഞ്ഞാണിടാന്‍ അധികൃതര്‍
മൂന്നാറില്‍ അമിതമായി മുറി വാടക വാങ്ങിക്കുകയും മോശപ്പെട്ട ആഹാരം വിളമ്പുകയും ചെയ്യുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിക്കൊരുങ്ങി പൊലീസും പഞ്ചായത്തും. പരിശോധനയ്ക്ക് മുന്നോടിയായി തിങ്കളാഴ്ച പഞ്ചായത്ത് ഹാളില്‍ മേഖലയിലെ ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്‌റ്റേ, ലോഡ്ജ് ഉടമകളുടെ യോഗം വിളിച്ചു ചേര്‍ക്കും. തുടര്‍ന്ന് മുറിവാടക നിരക്ക് പ്രദര്‍ശിപ്പിക്കാത്തതും മോശം ഭക്ഷണം വിളമ്പുന്നതും മലിനജലം പുഴയിലെക്ക് ഒഴുക്കുന്നതും സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തും.
എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ മുറി വാടക നിരക്കു പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍, മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതും മോശം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഭക്ഷണശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനാനുമതി പത്രം റദ്ദുചെയ്യുകയും തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും പഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ പറഞ്ഞു.
മൂന്നാറില്‍ മധ്യവേനലവധി തുടങ്ങിയ ശേഷം സഞ്ചാരികളില്‍ നിന്ന് 1000 രൂപയുടെ മുറികള്‍ 8000 മുതല്‍ 10,000 രൂപവരെ ഈടാക്കി സന്ദര്‍ശകരെ പറ്റിക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
തുടര്‍ന്ന് ഡിവൈഎസ്പി അലക്‌സ് ബേബി, എസ്എച്ച്ഒ രാജന്‍ കെ അരമന എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുമായി ബന്ധപ്പെട്ടു യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. അതേസമയം കണ്ണൂര്‍ സ്വദേശികളായ 9 പേര്‍ക്ക് ഒരാഴ്ച മുന്‍പ് ഇക്കാ നഗറിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

No comments