പ്ലാസ്റ്റിക് കവറില്‍ പൊടിയും മാറാലയും പിടിച്ച് നോട്ടുകള്‍, ഒപ്പം നോട്ടെണ്ണല്‍ മെഷീനും; വില്ലേജ് ഓഫീസറുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് കോടികള്‍
പ്ലാസ്റ്റിക് കവറില്‍ പൊടിയും മാറാലയും പിടിച്ച് നോട്ടുകള്‍, ഒപ്പം നോട്ടെണ്ണല്‍ മെഷീനും; വില്ലേജ് ഓഫീസറുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് കോടികള്‍
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ ഒറ്റമുറി വീട്ടില്‍ നിന്നും കണ്ടെത്തിയത് കോടികള്‍. ചെറിയ മുറിയുടെ പലയിടങ്ങളിലായി കാര്‍ഡ് ബോര്‍ഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമായാണ് നോട്ടുകെട്ടുകള്‍ സൂക്ഷിച്ച് വച്ചിരുന്നത്.
പിടിച്ചെടുത്ത പണം നോട്ടെണ്ണുന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് രാത്രി വൈകി എണ്ണിത്തിട്ടപ്പെടുത്തിയത്. വൈകിട്ട് ആറരയ്ക്ക് തുടങ്ങിയ പരിശോധന രാത്രി എട്ടരയോടെയാണ് പൂര്‍ത്തിയായത്. പല കവറുകളും പൊടിയും മാറാലയും പിടിച്ചാണ് പണം കണ്ടെത്തിയത്. പഴക്കമുള്ള നോട്ടുകളാണ് കണ്ടെത്തിയത്.
ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നാണ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ സുരേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ കോടികളാണ് കണ്ടെത്തിയത്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.05 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്.
കേരളത്തില്‍ നിന്നും ഒരു റവന്യൂ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും പിടികൂടുന്ന ഏറ്റവും വലിയ സംഖ്യയാണ് ഇത്. മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയില്‍ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കണ്ടെടുത്തത്.
ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയും കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് സംഘം അറിയിച്ചത്. വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന മാത്രമാണ് നടന്നത്. കണ്ടെടുത്തതെല്ലാം കൈക്കൂലി പണമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

No comments