Breaking News

പ്രവാസികൾക്കായി 'ഫാമിലി കണക്ടു'മായി മമ്മൂട്ടി സൗജന്യ മെഡിക്കൽ ഉപദേശവും മാതാപിതാക്കൾക്ക് ആരോഗ്യപരിചരണവും ഔദ്യോഗിക ഉദ്ഘാടനം യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സുൻജയ് സുധീർ നിർവഹിച്ചു

 പ്രവാസികൾക്കായി 'ഫാമിലി കണക്ടു'മായി മമ്മൂട്ടി

സൗജന്യ മെഡിക്കൽ ഉപദേശവും മാതാപിതാക്കൾക്ക് ആരോഗ്യപരിചരണവും

ഔദ്യോഗിക ഉദ്ഘാടനം യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സുൻജയ് സുധീർ നിർവഹിച്ചു




ദുബായി: യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. കേരളത്തിലെ മുൻനിര ആശുപത്രികളുടെ പങ്കാളിത്തമുള്ള പദ്ധതിയുടെ ആദ്യഘട്ടം ആലുവ രാജഗിരി ആശുപത്രിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. പദ്ധതിയെ കുറിച്ചുളള വിവരങ്ങൾ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പ്രവാസികളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് വിദഗ്ദ ഡോക്ടർമാർ മറുപടി നൽകുന്നതോടൊപ്പം, പ്രവാസികളുടെ നാട്ടിലെ മാതാപിതാക്കളുടെ ചികിത്സാ സഹായങ്ങൾക്കായി പ്രൊഫഷണൽ വോളന്റിയർ സംഘത്തെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഫാമിലി കണക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സുൻജയ് സുധീർ നിർവഹിച്ചു. പ്രവാസി മലയാളികൾക്ക് ലഭിക്കാവുന്ന വലിയ സമ്മാനമെന്നായിരുന്നു പദ്ധതിയെ സുൻജയ് സുധീർ വിശേഷിപ്പിച്ചത്.

അന്തർദേശീയ ചികിത്സ നിലവാരത്തിനുളള ജെസിഐ അംഗീകാരം ഉള്ളതിനാലാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തിരഞ്ഞെടുത്തതെന്ന് കെയർ ആൻഡ് ഷെയർ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു. നാട്ടിൽ ചെല്ലാതെ തന്നെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ യുഎഇയിൽ ഇരുന്നുകൊണ്ട് ഏകോപിപ്പിക്കാൻ കഴിയുമെന്നതിനാൽ പദ്ധതി യുഎഇ പ്രവാസി മലയാളികൾക്ക് ആശ്വാസമാകുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ ജോൺസൺ വാഴപ്പിളളി പറഞ്ഞു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ റോബർട്ട് കുര്യാക്കോസ്, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ യൂഎഇ ഘടകം സെക്രട്ടറി ഫിറോസ് ഷാ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

No comments