Breaking News

ആൾക്കൂട്ടത്തിന് നടുവിലൂടെ ജനനായകന്റെ അന്ത്യയാത്ര; കാത്തുനിന്ന് ആയിരങ്ങൾ

 ആൾക്കൂട്ടത്തിന് നടുവിലൂടെ ജനനായകന്റെ അന്ത്യയാത്ര; കാത്തുനിന്ന് ആയിരങ്ങൾ


തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെയും വഹിച്ചുള്ള വിലാപയാത്ര ആൾക്കൂട്ടങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കടന്നുപോകുകയാണ്. ആയിരക്കണക്കിന് പേരാണ് റോഡുകൾക്കിരുവശവും കാത്തുനിൽക്കുന്നത്. ഉമ്മൻ ചാണ്ടിയെ ഇതുവരെയും കണ്ടിട്ടില്ലാത്തവരും ഒരിക്കൽക്കൂടി കാണാനാഗ്രഹിച്ചെത്തിയവരും കൈക്കുഞ്ഞുമായി മണിക്കൂറുകളോളം കാത്തുനിൽക്കുന്നവരും കൊച്ചു കുട്ടികൾ മുതൽ വാർദ്ധക്യത്തിലെത്തിയവരും വരെയുണ്ട് പാതയിലിരുവശവും. 'വിലാപയാത്ര ഞങ്ങൾ നിൽക്കുന്നിടത്തും ഒന്ന് നിർത്തണേ' എന്നാണ് ഇവരെല്ലാം പറയുന്നത്, അവസാനമായി ഈ ജനനേതാവിനെയൊന്ന് കാണാൻ. ഉമ്മൻ ചാണ്ടിയെന്ന നേതാവിനെ ഇഷ്ടമാണെന്നാണ് കാത്തുനിൽക്കുന്നവരെല്ലാം ഒരേ സ്വരത്തിൽ റിപ്പോർട്ടറിനോട് പറഞ്ഞത്. ഉമ്മൻ ചാണ്ടിയെന്ന നേതാവ് മലയാളികള്‍ക്ക് ആരായിരുന്നു എന്നത് വ്യക്തമാക്കുന്നുണ്ട് ആളുകളുടെ ഈ കാത്തിരിപ്പ്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും പാലോട് രവിയുമടക്കമുള്ള നേതാക്കൾ വിലാപയാത്രയായി പോകുന്ന വാഹനത്തിൽ ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്. ഒരു ജനകീയ നേതാവിന് ലഭിക്കാവുന്നതിന്റെ പരമാവധിയാണ് ഉമ്മൻ ചാണ്ടിക്ക് ലഭിക്കുന്ന അന്ത്യാഞ്ജലിയെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ആൾക്കൂട്ടമില്ലെങ്കിൽ കരയ്ക്ക് പിടിച്ചിട്ട മീൻ പോലെയാകും താനെന്ന് പറയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഓർമ്മിച്ചു. ഒടുവിലെ യാത്രയ്ക്കും ഈ വലിയ ആൾക്കൂട്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്ത് നിന്ന് രാവിലെ ഏഴരയോടെ പുറപ്പെട്ട വിലാപയാത്ര വളരെ പതുക്കെയാണ് നീങ്ങുന്നത്. ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാൻ ആൾക്കൂട്ടങ്ങളേറെ കാത്തുനിൽക്കുന്നതിനാൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വലിയ തിരക്കായതിനാൽ തന്നെ മൂന്ന് മണിക്കൂറുകൊണ്ട് എത്താവുന്ന ദൂരം നാലിരട്ടിയിലേറെ സമയമെടുത്താകും കോട്ടയത്തെത്തുക എന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് മണിക്കൂർ കഴിയുമ്പോൾ വിലാപയാത്രയ്ക്ക് തിരുവനന്തപുരം ജില്ല പിന്നിടാനായിട്ടില്ല. തലസ്ഥാന നഗരത്തോട് അത്രയെളുപ്പം ഉമ്മൻ ചാണ്ടിക്ക് യാത്ര പറയാനാകില്ലല്ലോ...

No comments