Breaking News

കോണ്‍ഗ്രസിന്റെ പൊലീസ് സ്റ്റേഷൻ മാർച്ചിൽ വ്യാപക സംഘർഷം; പലയിടത്തും ജലപീരങ്കി പ്രയോഗം, ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ

 കോണ്‍ഗ്രസിന്റെ പൊലീസ് സ്റ്റേഷൻ മാർച്ചിൽ വ്യാപക സംഘർഷം; പലയിടത്തും ജലപീരങ്കി പ്രയോഗം, ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ



കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുകളില്‍ വ്യാപക സംഘര്‍ഷം. മാർച്ചുകള്‍ സ്റ്റേഷനുകൾക്ക് സമീപം പൊലീസ് തടഞ്ഞു. പൊലീസിന്റെയും ഡിവൈഎഫ്ഐയുടെയും മര്‍ദനങ്ങള്‍ക്കെതിരായാണ് സംസ്ഥാന വ്യാപകമായി കോൺഗ്രസ് സ്റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.

കൊച്ചിയില്‍ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്കു നേരെ കമ്പുകള്‍ വലിച്ചെറിഞ്ഞു. മലപ്പുറം വണ്ടൂരില്‍ പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ പൊലീസ് സ്റ്റേഷനു സമീപം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.


കണ്ണൂര്‍ വളപട്ടണത്ത് പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. കോട്ടയം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ചിങ്ങവനം പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഏറ്റുമാനൂർ സ്റ്റേഷനു മുന്നിലെ പ്രതിഷേധം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ഉദ്ഘാടനം ചെയ്തു. വൈക്കത്തെ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ടു.

പാലക്കാട്ട് ടൗൺ നോർത്ത് പൊലീസ് സ്‌റ്റേഷനിലേക്കുള്ള മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. വയനാട്ടിലും പൊലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. കൽപ്പറ്റ പൊലീസ് സ്റ്റേഷനിലേക്കുള്ള മാർച്ച് വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ, മീനങ്ങാടി സ്റ്റേഷനുകളിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

ആലപ്പുഴ സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലേക്ക് ബ്ലോക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സൗത്ത് പൊലീസ് സ്റ്റേഷനു സമീപം ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. അമ്പലപ്പുഴ സ്റ്റേഷനിലേക്ക് നടന്ന മാർച്ചിൽ പോലീസുമായി ഉന്തും തള്ളും നടന്നു. സ്റ്റേഷന് സമീപം വെച്ച് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും പ്രവർത്തകർ ശ്രമം നടത്തി. ഏറെ നേരം പൊലീസുമായി സംഘർഷം നടന്നു.

No comments