ഒരു വര്‍ഷം 1.7 കോടി സന്ദര്‍ശകര്‍; ടൂറിസത്തില്‍ രാജാവായി ദുബായ്
ഒരു വര്‍ഷം 1.7 കോടി സന്ദര്‍ശകര്‍; ടൂറിസത്തില്‍ രാജാവായി ദുബായ്
വിനോദസഞ്ചാരമേഖലയിൽ ചരിത്രനേട്ടം കൈവരിച്ച് ദുബായ്. കഴിഞ്ഞവർഷം 1.7 കോടി സന്ദർശകർ എമിറേറ്റ്സിൽ എത്തിയതായി ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിലൂടെ അറിയിച്ചു. ആഗോള വിനോദസഞ്ചാരമേഖലയിൽ നഗരത്തിന്റെ മുൻനിരസ്ഥാനം വ്യക്തമാക്കുന്നതാണ് കഴിഞ്ഞവർഷത്തെ 77 ശതമാനം ഹോട്ടൽ താമസനിരക്ക്.
നിലവിൽ നഗരത്തിൽ ഹോട്ടൽ താമസത്തിനായി ഒന്നരലക്ഷത്തിലേറെ മുറികളുണ്ട്. വ്യവസായം, വിനോദം എന്നിവയിൽ ലോകത്തെ ഏറ്റവുംമികച്ച മൂന്ന് നഗരങ്ങളിലൊന്നായി എമിറേറ്റിനെ മാറ്റുകയാണ് ദുബായ് സാമ്പത്തിക അജൻഡ ഡി 33-യുടെ ലക്ഷ്യമെന്നും ശൈഖ് ഹംദാൻ എക്സിൽ കുറിച്ചു.
ഒട്ടേറെ ആഗോളസർവേകളിൽ ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്രമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദുബായ് സാമ്പത്തിക വിനോദസഞ്ചാരവകുപ്പിന്റെ (ഡി.ഇ.ടി.) കണക്കനുസരിച്ച് കഴിഞ്ഞ ജനുവരിമുതൽ നവംബർവരെ മാത്രമായി 1.53 കോടി സന്ദർശകർ എമിറേറ്റിലെത്തി. ആഗോളതലത്തിൽ കഴിഞ്ഞമാസത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാംസ്ഥാനത്തെത്തിയിരുന്നു.
എമിറേറ്റിന്റെ എണ്ണയിതര വിദേശവ്യാപാരം രണ്ടു ട്രില്യൺ ദിർഹമായി ഉയർന്നിട്ടുണ്ടെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചിരുന്നു.
No comments