തിയേറ്ററുകള്‍ അടച്ചിടുന്നു, മുടങ്ങുക 'മഞ്ഞുമ്മല്‍ ബോയ്‌സ്' അടക്കമുള്ള നാല് സിനിമകളുടെ റിലീസ്! തീരുമാനം മാറ്റുമോ ഫിയോക്?
തിയേറ്ററുകള്‍ അടച്ചിടുന്നു, മുടങ്ങുക 'മഞ്ഞുമ്മല്‍ ബോയ്‌സ്' അടക്കമുള്ള നാല് സിനിമകളുടെ റിലീസ്! തീരുമാനം മാറ്റുമോ ഫിയോക്?
ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന തീരുമാനം എടുത്തിരിക്കുകയാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിര്‍മാതാക്കളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഫിയോക് പ്രസിഡന്റ് വിജയകുമാറാണ് തീരുമാനം അറിയിച്ചത്. വ്യാഴാഴ്ച മുതല്‍ തിയേറ്ററുകള്‍ അടച്ചിടുമ്പോള്‍ മുടങ്ങുക മലയാളത്തിലെ യുവതാരങ്ങള്‍ അഭിനയിക്കുന്ന നാല് സിനിമകളുടെ റിലീസ്.
മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ഫാമിലി’, ‘ഡയല്‍ 100’, ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ എന്നീ സിനിമകളുടെ റിലീസ് ആണ് മുടങ്ങാന്‍ പോകുന്നത്. ഫെബ്രുവരി 22ന് ആണ് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ റിലീസിന് ഒരുങ്ങുന്നത്. എന്നാല്‍ റിലീസ് തടയുമെന്ന് തിയേറ്ററുടമകള്‍ പ്രഖ്യാപിച്ചതിനാല്‍ ഈ സിനിമയുടെ റിലീസ് നടക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ചിദംബരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ ആണ്.
കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലെ ഗുണ കേവ്‌സിലേക്ക് പോകുന്നതും ഒരാള്‍ അതിനുള്ളില്‍ അകപ്പെടുന്നതും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്.
വിവിധ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ഡോണ്‍ പാലത്തറയുടെ ‘ഫാമിലി’ അടക്കം മൂന്ന് ചിത്രങ്ങളാണ് ഫെബ്രുവരി 23ന് റിലീസ് ചെയ്യുന്നത്. വിനയ് ഫോര്‍ട്ട് നായകനായ ചിത്രം റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലും ഐഎഫ്എഫ്‌കെയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നില്‍ജ കെ ബേബി, ദിവ്യ പ്രഭ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി. റാഫി തിരക്കഥ ഒരുക്കുന്ന, റാഫിയുടെ മകന്‍ മുബിന്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. ഈ സിനിമയുടെ ഫെബ്രുവരി 23ന് ആണ് റിലീസ് ചെയ്യാനിരുന്നത്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.

No comments