Breaking News

സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടർന്ന് ഇന്ത്യ സഖ്യം, നിർണായക യോഗം ഇന്ന്; മറിച്ചെങ്കിൽ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി?

 സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടർന്ന് ഇന്ത്യ സഖ്യം, നിർണായക യോഗം ഇന്ന്; മറിച്ചെങ്കിൽ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി?




സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകൾ തേടി ഇന്ത്യ സഖ്യം. എന്‍ഡിഎയിലുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടും തെലുങ്ക് ദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനോടും കോൺഗ്രസ് ഇതിനായി സംസാരിക്കുമെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പറഞ്ഞു. രണ്ട് നേതാക്കളുമായും കോൺഗ്രസ് സംസാരിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് ഇന്ത്യ മുന്നണിയുടെ സഖ്യകക്ഷിയായ ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. മറ്റ് സ്വതന്ത്ര പാര്‍ട്ടികളെയും മുന്നണിയിലേക്ക് എത്തിക്കാൻ നീക്കം നടത്തുന്നുണ്ട്. സർക്കാർ രൂപീകരണ നീക്കങ്ങളിൽ മമത ബാനർജിയും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സർക്കാർ രൂപീകരണവും മറ്റ് അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ ഇന്ത്യ മുന്നണി ഇന്ന് യോഗം ചേരുന്നുണ്ട്. നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡിനും നായിഡുവിൻ്റെ തെലുങ്കുദേശം പാർട്ടിക്കും കൂടി 28 സീറ്റുകൾ ഇന്ത്യ മുന്നണിയിൽ കൂട്ടിച്ചേർക്കാനാകും. മിലാവിൽ 232 സീറ്റുകളാണ് മുന്നണിക്കുള്ളത്. ഇതോടെ 260 സീറ്റുകളിലേക്ക് മുന്നണിക്ക് എത്താൻ സാധിക്കും. ഈ സീറ്റുകളുടെ കുറവ് എൻഡിഎ സഖ്യത്തിൽ വരുമ്പോൾ 293 സീറ്റിൽ നിന്ന് 265 സീറ്റായി കുറയും.

അതേസമയം, ഇനി സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പ് ഫലം രാഹുലിന്‍റെ സ്വീകാര്യത കൂട്ടിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഇന്ന് ചേരുന്ന ഇന്ത്യ സഖ്യ യോഗം ചര്‍ച്ച ചെയ്യും.

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പലപ്പോഴായി സഖ്യം മാറി മാറി പരീക്ഷിക്കുന്നവരാണ്. എൻഡിഎയുടെ ഭാഗമായി തുടങ്ങിയ നായിഡു, 2019 ലെ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിൽ നിന്ന് പുറത്തുപോയി, നിലവിലെ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും ചേരുകയായിരുന്നു. നിതീഷ്ക കുമാറാവട്ടെ കഴിഞ്ഞ ദശകത്തിൽ അഞ്ച് തവണ സഖ്യം മാറിയിട്ടുണ്ട്. അവസാനത്തേത്, ഫെബ്രുവരിയിൽ ഇന്ത്യൻ സഖ്യത്തിൽ നിന്ന് ബിജെപിയിലേക്കായിരുന്നു.

മന്ത്രിസഭ രൂപീകരണത്തില്‍ ഇതുവരെ നിതീഷ് കുമാര്‍ ബിജെപിയെ നിലപാട് അറിയിച്ചിട്ടില്ല. ഇത് ബിജെപിയില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നിതീഷും ചന്ദ്രബാബു നായിഡുവും വിലപേശല്‍ നടത്താനുള്ള സാധ്യതയും ബിജെപി തള്ളിക്കളയുന്നില്ല. അതിനാല്‍ തന്നെ പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിക്കൊണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് ഇരു പാര്‍ട്ടികളുടെയും പിന്തുണ ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.

No comments