Breaking News

കോപ അമേരിക്ക: അർജന്റീനയ്ക്ക് സെമി ടച്ച് ആദ്യ സെമിയിൽ നാളെ കാനഡയെ നേരിടും

 കോപ അമേരിക്ക: അർജന്റീനയ്ക്ക് സെമി ടച്ച്

ആദ്യ സെമിയിൽ നാളെ കാനഡയെ നേരിടും


ന്യൂയോർക്ക്: തുടർച്ചയായി രണ്ടാം തവണയും കോപ അമേരിക്ക കിരീടം ഷെൽഫിലെത്തിക്കാനുറച്ച് നിലവിലെ ലോക ചാംപ്യൻമാരായ അർജന്റീനയ്ക്ക് നാളെ കനേഡിയൻ വെല്ലുവിളി. ഇന്ത്യൻ സമയം നാളെ രാവിലെ 5.30ന് ന്യൂ ജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമി ഫൈനലിൽ ടൂർണമെന്റിലെ കന്നിക്കാരായ കാനഡയാണ് എതിരാളി. ഇക്വഡോറിനെതിരായ ക്വാർട്ടറിലെ കനത്ത പോരാട്ടത്തിൽ വിജയം കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്ന അർജന്റീന ഈ മത്സരത്തെ വിലകുറച്ച് കാണുന്നില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്നും ജയിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായെത്തിയ അർജന്റീനയെയാണ് ക്വാർട്ടറിൽ ഇക്വഡോർ വെള്ളം കുടിപ്പിച്ചത്. ടൂർണമെന്റിൽ ഇതുവരെ വിറച്ചിട്ടില്ലാത്ത അർജന്റീനയ്ക്ക് പക്ഷേ, ക്വാർട്ടറിലെ ഹൃദയമിടിപ്പ് സെമി മത്സരത്തിനു മുന്നോടിയായുള്ള ഗുണപാഠമാകും. 


2018ലെ ലോകകപ്പ് മുതൽ കോപ അമേരിക്ക ടൂർണമെന്റിലിന്നോളം ടീമിനെ പൊന്നുപോലെ കാത്തുസൂക്ഷിച്ച സാക്ഷാൽ എമിലിയാനോ മാർട്ടിനസിന്റെ മിന്നും സേവുകളാണ് ടീമിന് തുടർച്ചയായ രണ്ടാം തവണയും സെമി ടിക്കറ്റ് സമ്മാനിച്ചത്. ടീമിന്റെ ക്വാർട്ടർ പോരാട്ടം ഇതിനൊരുദാഹരണം മാത്രം. സൂപ്പർ താരം ലയണൽ മെസിയുടെ ചിറകിലേറിപ്പറക്കുന്ന അർജന്റീനയെ, ഗോളടിക്കാൻ കെൽപ്പുള്ള യുവനിരകളാണ് മുന്നോട്ടുനയിക്കുന്നത്. ലൗട്ടാരോ മാർട്ടിനസും ജൂലിയൻ അൽവാരസും ഇതിൽ മുൻപന്തിയിലുണ്ട്. ഇതിൽ ലൗട്ടാരോ മാർട്ടിനസ് നാല് ഗോളുമായി ടൂർണമെന്റ് ഗോൾ സ്‌കോറർമാരിൽ ഒന്നാമതുണ്ട് .



ടൂർണമെന്റിൽ ഇതാദ്യമായല്ല ഇരുടീമും മുഖാമുഖമെത്തുന്നത്. നേരത്തേ ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും നേർക്കുനേർ വന്നപ്പോൾ അർജന്റീന 2-0ന്റെ ജയം അക്കൗണ്ടിലാക്കിയാണ് ടൂർണമെന്റിൽ വരവറിയിച്ചത്. 


അതേസമയം, കോപാ അമേരിക്ക ചരിത്രത്തിലാദ്യമായി സെമി ഫൈനലിൽ ടിക്കറ്റെടുത്ത കാനഡ ഈ നേട്ടം കിരീടത്തിലൂടെ അവസാനിപ്പിക്കാനുറച്ചാണ് ഇന്ന് പന്ത് തട്ടുന്നത്. ഇതിഹാസ താരം ലയണൽ മെസി നയിക്കുന്ന എതിരാളികൾ ചില്ലറക്കാരല്ലെന്ന് അവർക്കറിയാം. എങ്കിലും ജീവൻ പണയം വച്ചെങ്കിലും മൈതാനത്ത് കളിമികവുകൾ പുറത്തെടുക്കാനുള്ള തയാറെടുപ്പിലാണവർ.

No comments