Breaking News

കോൺഗ്രസിൽ ഭിന്നത; രാഹുൽ ഗാന്ധിക്കെതിരെ കപിൽ സിബലും ഗുലാം നബി ആസാദും


കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കോൺഗ്രസ് മുതിർന്ന നേതാക്കൾ രംഗത്തെത്തി. ബിജെപിയുമായി രഹസ്യധാരണയുണ്ടെന്ന രാഹുലിന്റെ പരാമർശത്തിനെതിരെയാണ് നേതാക്കൾ രംഗത്തെത്തിയത്. ബിജെപിയുമായി ധാരണയില്ലെന്ന് കപിൽ സിബൽ പറഞ്ഞു. ബിജെപിയെ സഹായിച്ചെന്ന് കണ്ടെത്തിയാൽ അംഗത്വമൊഴിയുമെന്ന് ഗുലാം നബി ആസാദും പറഞ്ഞു.

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമുണ്ടായത്. ഇതിന് മറുപടിയായി കപിൽ സിബൽ ട്വീറ്റ് ചെയ്യുകയാണുണ്ടായത്. തന്റെ ഭാഗം വിശദീകരിച്ചുകൊണ്ടാണ് കപിൽ സിബലിന്റെ ട്വീറ്റ്. രാജസ്ഥാൻ ഹൈക്കോടതിയിൽ കോൺഗ്രസിന്റെ പക്ഷം പറയുന്നതിൽ താൻ വിജയിച്ചുവെന്നും മണിപ്പൂരിൽ ബിജെപി സർക്കാരിനെ താഴെയിറക്കിയെന്നും കപിൽ സിബൽ പറഞ്ഞു. കഴിഞ്ഞ മുപ്പതു വർഷമായി ഒരു വരിപോലും ബിജെപിയെ അനുകൂലിച്ച് പറഞ്ഞിട്ടില്ല. എന്നിട്ടും ബിജെപിയുമായി ധാരണയുണ്ടായെന്നാണ് പറയുന്നതെന്ന് കപിൽ സിബൽ പറഞ്ഞു. ബിജെപിയെ സഹായിച്ചെന്ന് കണ്ടെത്തിയാൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് ഗുലാം നബി ആസാദും വ്യക്തമാക്കി.

നേതൃമാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയതാണ് പൊട്ടിത്തെറിയിലേക്ക് വഴിമാറിയത്. പാർട്ടി പ്രതിസന്ധി ഘട്ടത്തിലായപ്പോൾ നേതൃമാറ്റം ആവശ്യപ്പെട്ടവർ ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. കോൺഗ്രസ് രാജസ്ഥാനിൽ പ്രതിസന്ധി നേരിട്ട ഘട്ടത്തിലായിരുന്നു നേതാക്കൾ കത്തെഴുതിയത്. അത്തരമൊരു അവസ്ഥയിൽ കത്ത് ഉചിതമായില്ല. മാധ്യമങ്ങളിലൂടെയല്ല, പ്രവർത്തക സമിതി ചേർന്നാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും രംഗത്തെത്തിയിരുന്നു.

No comments