Breaking News

ഹോട്ടല്‍ മുറിയില്‍ 19കാരി രക്തം വാര്‍ന്ന് മരിച്ച കേസ് ; അറസ്റ്റിലായ യുവാവിന് യുവതിയുമായി ഉണ്ടായിരുന്നത് ഒരു മാസത്തെ ഫെയ്‌സ്ബുക്ക് പരിചയം മാത്രം, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


കൊച്ചി : എറണാകുളം സൗത്തില്‍ ഹോട്ടല്‍ മുറിയില്‍ 19കാരി രക്തം വാര്‍ന്ന് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. കേസില്‍ അറസ്റ്റിലായ വൈപ്പിന്‍ എടവനക്കാട് കാവുങ്കല്‍ ഗോകുലിന് (25) യുവതിയുമായി ആകെ ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം മാത്രമാണ്. ഇവര്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതും ഫോണ്‍ നമ്പര്‍ കൈമാറിയതും അടുക്കുന്നതുമെല്ലാം. അടുപ്പം പിന്നീട് പ്രണയമായി മാറിയതോടെ യുവതിയോട് കൊച്ചിയില്‍ വരാന്‍ യുവാവ് ആവശ്യപ്പെടുകയായിരുന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്.

യുവാവിന്റെ ഈ ആവശ്യപ്രകാരമാണ് ജോലിക്കുള്ള അഭിമുഖത്തിന് എന്ന പേരില്‍ യുവതി കൊച്ചിയിലെത്തി യുവാവിനൊപ്പം മുറിയെടുത്തത്. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് പെണ്‍കുട്ടിയില്‍ നിന്ന് വലിയ അളവില്‍ രക്തം വാര്‍ന്നു പോയിരുന്നു. കൃത്യസമയത്ത് യുവതിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു മണിക്കൂറിലേറെ വൈകിയിരുന്നു.

അതേസമയം രണ്ടു വീടുകളിലും അറിയാതെ വന്നതിനാലായിരിക്കാം ഇവര്‍ ആശുപത്രിയില്‍ പോകുന്ന കാര്യത്തില്‍ മടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ മനപ്പൂര്‍വമുണ്ടായ അനാസ്ഥയാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചത്. യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. പെണ്‍കുട്ടിയെ ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ വിവരം ലഭിക്കൂ. മനപ്പൂര്‍വമുള്ള നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ച റിമാന്‍ഡ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് സംസ്‌കാരം നടത്തി.

അതേസമയം ഗോകുല്‍ നേരത്തെ പോക്‌സോ കേസില്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഞാറയ്ക്കല്‍ സ്റ്റേഷനില്‍ ആണ് പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ഇയാള്‍ക്കെതിരെ കേസുള്ളത്. പിന്നീട് ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. എന്നാല്‍ നാലു മാസത്തിന് ശേഷം ആ ബന്ധം പിരിഞ്ഞു.

No comments