മഴ തുടരുമെന്ന് മുന്നറിയിപ്പ്; കാസർകോടുൾപ്പടെ നാല് ജില്ലകളിൽ റെഡ് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ആണ് റെഡ് അലർട്ട്. വയനാട് , കോഴിക്കോട്, പാലക്കാട് , തൃശ്ശൂർ, എറണാകുളം, കോട്ടയം ,ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരിൽ, മലയോര മേഖലകളിൽ രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു.
ഇരിട്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ ആവശ്യപ്പെട്ടു. ഉരുൾപ്പൊട്ടൽ , മണ്ണിടിച്ചിൽ സാധ്യതയുള്ള ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പാലക്കാട് രാത്രി ഇടവിട്ട് ശക്തമായ മഴ കിട്ടി. നീരൊഴുക്ക് കൂടിയതിനാൽ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും.
മണ്ണാർക്കാട് ഉൾപ്പെടെ മലയോര മേഖലകളിൽ ഉള്ളവരെ അകലെയുള്ള ബന്ധു വീടുകളിലേക്ക് മാറാൻ ഇന്നലെത്തന്നെ നിർദേശം നൽകിയിരുന്നു. അട്ടപ്പാടിയിലെ ഭവാനി പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം കാട്ടിൽ അകപ്പെട്ട് പോയ തണ്ടർ ബോൾട്ട് സംഘം ഇന്ന് തിരിച്ചെത്തുമെന്ന് അധികൃതർ അറിയിച്ചു.
*മഴ ശക്തമാകുന്നു; ബാണാസുര സാഗറിന്റെയും, മലമ്പുഴ ഡാമിന്‍റെയും ഷട്ടറുകള്‍ തുറക്കും*
*ജാഗ്രത വേണമെന്ന് KSEB*
നിലവില്‍ 774.30 മീറ്ററാണ് ബാണാസുര സാഗറിലെ ജലനിരപ്പ്.
*കല്‍പ്പറ്റ:* ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ശേഷം ഷട്ടറുകള്‍ തുറന്ന് 50 ക്യുബിക് മീറ്റര്‍ ജലം വീതം പുറത്ത് വിടും. നിലവില്‍ 774.30 മീറ്ററാണ് ബാണാസുര സാഗറിലെ ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 775.60 മീറ്ററും. ഷട്ടറുകള്‍ തുറക്കുന്നതോടെ അണക്കെട്ടിന്റെ താഴ്‌വാരത്തെ കമാന്‍തോട്, പനമരം പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് 25 സെമീ മുതല്‍ 60 സെമീ വരെ ഉയരാന്‍ സാധ്യതയുണ്ട്.
അതേസമയം മലമ്പുഴ, പോത്തുണ്ടി ഡാമുകള്‍ ഇന്ന് രാവിലെ 9 മണിക്ക് തുറക്കുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്.
പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ കനത്ത മഴയാണ് ഇവിടെ പെയ്യുന്നത്. വയനാട് ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണമായും ഒഴിവാക്കണം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

No comments