Breaking News

കൂടത്തിൽ ഉമാമന്ദിരത്തിലെ 5 ദുരൂഹ മരണങ്ങൾ‌, കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ; നിർണായക വഴിത്തിരിവ്?


തിരുവനന്തപുരം •കരമന കൂടത്തിൽ ഉമാമന്ദിരത്തിലെ ദുരൂഹ മരണങ്ങൾ സംബന്ധിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നിർണായക വഴിത്തിരിവിലെന്ന് സൂചന. കൂടത്തിൽ തറവാട്ടിലെ അവസാന അവകാശിയായിരുന്ന ജയമാധവൻ നായരുടെ മരണം സംബന്ധിച്ച് തറവാട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരുടെ മൊഴി കള്ളമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ജയമാധവൻ നായരെ തലയ്ക്കു പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറും വിൽപ്പത്രത്തിൽ സാക്ഷി ഒപ്പിട്ട അയൽക്കാരനും രവീന്ദ്രൻ നായർ നൽകിയ മൊഴിക്കു വിരുദ്ധമായ മൊഴികളാണ് നൽകിയത്.

കരമന കൂടത്തിൽ തറവാട്ടിലെ 5 ദുരൂഹ മരണങ്ങൾ സംബന്ധിച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. തറവാട്ടിലെ അവസാന അവകാശിയായിരുന്ന ജയമാധവൻ നായർ 2017 ഏപ്രിൽ 2 നാണ് മരിച്ചത്. രാവിലെ ആറരയോടെ വീട്ടിലെത്തിയപ്പോൾ തറയിൽ വീണുകിടക്കുന്ന നിലയിലാണ് ജയമാധവൻ നായരെ കണ്ടെതെന്നായിരുന്നു രവീന്ദ്രൻ നായരുടെ മൊഴി. ഉടൻ ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിച്ചെന്നും രവീന്ദ്രൻനായർ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഓട്ടോ ഡ്രൈവർ അന്വേഷണ സംഘത്തോടു ഇക്കാര്യം നിഷേധിച്ചു.

ജയമാധവൻ നായർ മരിക്കുന്നതിന് മുൻപ് വീട്ടിൽ വച്ച് വിൽപ്പത്രം തയാറാക്കിയെന്നായിരുന്നു രവീന്ദ്രൻ നായരുടെ മറ്റൊരു വാദം. വിൽപ്പത്രത്തിൽ ഒപ്പിട്ട സാക്ഷി സ്വന്തം വീട്ടിൽ വച്ചാണ് വിൽപ്പത്രത്തിൽ ഒപ്പിട്ടതെന്ന് വെളിപ്പെടുത്തിയതോടെ ഈ വാദവും കളവാണെന്ന് തെളിഞ്ഞതായി അന്വേഷണ സംഘം പറയുന്നു. രവീന്ദ്രൻ നായരുടെ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പണം വന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സുൽഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ച് വരികയാണ്. ജയമാധവൻ നായരുടെ അകന്ന ബന്ധുവായ പ്രസന്നകുമാരിയും കാലടി സ്വദേശിയായ അനിൽകുമാറും നൽകിയ പരാതികളിൽ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങവേയാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.

കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജേഷ്ഠൻമാരായ നാരായണ പിള്ളയുടെയും വേലു പിള്ളയുടേയും മക്കളായ ജയ മാധവൻ, ഉണ്ണികൃഷ്ണൻ നായർ എന്നിവരാണു നിശ്ചിത ഇടവേളകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. നഗരത്തിൽ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളും കുടുംബത്തിനുണ്ട്.

No comments