ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവി പാരീസിൽ കലാപം ബയേൺ മ്യൂണിക്കിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമൻ പരാജയപ്പെട്ടതിനെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
ബയേൺ മ്യൂണിക്കിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമൻ പരാജയപ്പെട്ടതിനെ തുടർന്ന് രാജ്യതലസ്ഥാനമായ പാരീസിൽ കലാപം. കൊവിഡ് റെഡ് സോണിൽ ഉൾപ്പെട്ട പ്രദേശമായിരുന്നിട്ടും ആയിരക്കണക്കിന് ആളുകളാണ് കൂട്ടത്തോടെ തെരുവിലിറങ്ങിയത്
പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ദേ പ്രിൻസ കേന്ദ്രീകരിച്ചാണ് കലാപകാരികൾ തെരുവ് കീഴടക്കിയത്. ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസിന് കണ്ണീർവാതകവും ലാത്തി ചാർജും പ്രയോഗിക്കേണ്ടി വന്നു. സംഭവത്തിൽ 148 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ആരാധകർ പാരിസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പലപ്പോഴും കലാപകാരികൾ പൊലീസുമായി ഏറ്റുമുട്ടി. ക്ലബ് പതാകകളും സ്കാർഫുകളുമായി റോഡിലേക്കിറങ്ങിയ ആരാധകർ ഗതാഗതം തടസ്സപ്പെടുത്തി. പൊലീസ് വാഹനം അഗ്നിക്കിരയാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം മാസ്ക് ഉപയോഗിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന് നിർദ്ദേശം ഉണ്ടായിരുന്നു എങ്കിലും ആരാധകരിൽ പലരും അത് നിരസിച്ചു
സ്റ്റേഡിയത്തിലെ കൂറ്റൻ സ്ക്രീനിൽ കളി കാണാനെത്തിയവരിൽ ഭൂരിഭാഗം ആളുകളും മാസ്ക് അണിഞ്ഞിട്ടില്ലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 12 കടകൾ നശിപ്പിക്കുകയും 16 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തു. 15 വാഹനങ്ങളും കലാപകാരികൾ നശിപ്പിച്ചു.

No comments