Breaking News

തിരിച്ചുവരവ് മത്സരത്തിൽ ഇരട്ട ഗോളുകളോടെ അഴിഞ്ഞാടി ക്രിസ്റ്റ്യാനോ റൊണാൾഡോ; മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉജ്ജ്വല ജയം

മാഞ്ചസ്റ്റര്‍: പന്ത്രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം പ്രീമിയര്‍ ലീഗിലേക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്സിയിലേക്കുമുള്ള തിരിച്ചുവരവ് ഇരട്ട ഗോളോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആഘോഷമാക്കിയപ്പോള്‍, ന്യൂകാസിലിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്  തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ ലീഗിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് 10 പോയന്‍റുമായി യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

ഗോള്‍രഹിതമായ ആദ്യപകുതിക്കൊടുവില്‍ ഇഞ്ചുറി ടൈമിലായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. മേസണ്‍ ഗ്രീന്‍വുഡിന്‍റെ തകര്‍പ്പന്‍ ഗ്രൗണ്ട് ഷോട്ട് തടുത്തിടുന്നതില്‍ ന്യൂകാസില്‍ ഗോള്‍കീപ്പര്‍ ഫ്രെഡ്ഡി വുഡ്മാന്  പറ്റിയ കൈപ്പിഴയാണ് റൊണാള്‍ഡോയുടെ ഗോളില്‍ കലാശിച്ചത്. ഗോള്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് പോസ്റ്റിന് മുന്നിലുണ്ടായിരുന്ന റൊണാള്‍ഡോ അനായാസം വലയിലാക്കി.

രണ്ടാം പകുതിയില്‍ ജാവിയര്‍ മാന്‍ക്വിലോയിലൂടെ ന്യൂകാസില്‍ സമനില വീണ്ടെടുത്തു. 56ാം മിനിറ്റിലായിരുന്നു ന്യൂകാസിലിന്‍റെ സമനില ഗോള്‍. എന്നാല്‍ സമനില ഗോളിന്‍റെ ആശ്വാസം ന്യൂകാസിലിന് അധിക നേരം നിലനിര്‍ത്താനായില്ല. ആറ് മിനിറ്റിനുശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോര്‍ഡിനെ ചുവപ്പിച്ച് തന്‍റെ രണ്ടാം ഗോളും നേടി മടങ്ങിവരവ് രാജകീയമാക്കി. ലൂക്ക് ഷോയുടെ ത്രൂ പാസ് പിടിച്ചെടുത്ത് റൊണാള്‍ഡോ അനാസായം പന്ത് വലയിലാക്കി.

No comments