Breaking News

സ്വപ്‌ന സുരേഷിനെതിരെ പരാതി നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് എയര്‍ ഇന്ത്യ



തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സ്വപ്നാ സുരേഷിനെതിരെ പരാതി നല്‍കി ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. എല്‍ എസ് ഷിബുവിനെയാണ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിച്ചെന്ന പേരില്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്വപ്ന വ്യാജരേഖ ചമച്ചതും ആള്‍മാറാട്ടം നടത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയത് ഷിബുവിന്റെ പരാതിയിലായിരുന്നു.

അതേസമയം സ്വപ്ന ഉള്‍പ്പെട്ട സംഘം നല്‍കിയ വ്യാജപരാതിയില്‍ നിയമക്കുരുക്കില്‍പ്പെടുകയും ഹൈദരാബാദിലേക്കു സ്ഥലം മാറ്റുകയും ചെയ്ത എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ കൂടിയാണ് ഷിബു. നിലവില്‍ എയര്‍ഇന്ത്യയുടെ ഹൈദരാബാദിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് യൂണിറ്റിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഷിബുവിനെതിരെ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ്.


എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ നിയമിച്ചത് സിബു എതിര്‍ത്തതോടെയാണ് ആ വ്യക്തിക്ക് കീഴില്‍ ജോലി ചെയ്യുകയായിരുന്ന സ്വപ്ന സുരേഷിനെ ഉപയോഗിച്ച് എയര്‍ ഇന്ത്യ സാറ്റ്‌സിലെ 17 വനിതാ ജീവനക്കാരുടെ പേരില്‍ ഷിബുവിനെതിരെ വ്യാജ പീഡന പരാതി നല്‍കിയത്. ഇത് 2015 ജനുവരിയില്‍ തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ക്ക് ലഭിച്ചു. 2015 മാര്‍ച്ചില്‍ ഷിബുവിനെ ഹൈദരാബാദിലേക്കു സ്ഥലം മാറ്റി. എന്നാല്‍ തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് വലിയതുറ പൊലീസ് കണ്ടെത്തിയിരുന്നു. മാത്രവുമല്ല തങ്ങളുടെ ഒപ്പ് സ്വപ്നാ സുരേഷ് വ്യാജമായി തയാറാക്കി പരാതിക്കൊപ്പം ചേര്‍ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.

No comments