Breaking News

ഹാപൂരിലെ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു; പ്രതിക്ക് നേരേ പൊലീസ് വെടിവെപ്പ്



ലക്‌നൗ: യു.പിയിലെ ഹാപൂര്‍ ജില്ലയില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവെച്ചു. കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരാഴ്ചമുമ്പാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി ക്രൂരബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയായ ദളപതിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തെളിവെടുപ്പിനായി ഇയാളെ സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് പൊലീസ് പിടിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. അന്വേഷണ സംഘത്തിലെ കോണ്‍സ്റ്റബിളിന്റെ തോക്ക് പിടിച്ചെടുത്ത് ഇയാള്‍ പൊലീസുകാര്‍ക്ക് നേരേ വെടിവെയ്ക്കാന്‍ ശ്രമിച്ചു.

ഇതിനെ പ്രതിരോധിക്കാന്‍ പൊലീസ് സംഘം നടത്തിയ വെടിവെയ്പ്പിലാണ് ഇയാളുടെ കാലിന് വെടിയേറ്റത്- ഹാപൂര്‍ പൊലീസുദ്യോഗസ്ഥനായ സഞ്ജീവ് സുമന്‍ പറഞ്ഞു.

നീണ്ട തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടിയുടെ വീടിന് അടുത്തുള്ളവര്‍ ഇയാളെക്കുറിച്ച് നല്‍കിയ സൂചനകളുപയോഗിച്ച് പൊലീസ് പ്രതിയുടെ രേഖ ചിത്രം പുറത്ത് വിട്ടിരുന്നു. ഇയാളെ പിടിച്ചു നല്‍കുന്നവര്‍ക്ക് 50000 രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

No comments