ഓട്ടോ പൈലറ്റിലിട്ട് ഡ്രൈവര്‍ ഉറങ്ങി, 140 കിലോ മീറ്റര്‍ സ്പീഡില്‍ ഓടിയ ടെസ്‌ലയ്ക്ക് പോലീസ് പൂട്ടിട്ടു
കാറുകളിൽ നൽകുന്ന ഓട്ടോ പൈലറ്റ് എന്ന അത്യാധുനിക സംവിധാനം ഏറെ പ്രയോജനകരമാണ്. എന്നാൽ, ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നവരും നിരവധിയുണ്ട്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. കാർ ഓട്ടോ പൈലറ്റ് മോഡിൽ 140 കിലോ മീറ്റർ സ്പീഡ് സെറ്റ് ചെയ്ത ഡ്രൈവറെ പോലീസ് കൈയോടെ പൊക്കിയതാണ് പുതിയ വാർത്ത.
കാനഡയിലാണ് സംഭവം. കാർ ടെസ്ലയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാറിനുള്ളിലെ രണ്ട് സീറ്റുകളും പൂർണമായും ചാരിയിട്ട ശേഷം ഡ്രൈവറും കൂടെയുണ്ടായിരുന്ന വ്യക്തിയും നല്ല ഉറക്കത്തിലായിരുന്നു. 140 കിലോ മീറ്റർ സ്പീഡിൽ ഓടുന്നതിനിടെയാണ് പോലീസ് കാർ തടഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
റോയൽ കനേഡിയൽ മൗണ്ടഡ് പോലീസ് (ആർ.സി.എം.പി) ആൽബെർട്ടയാണ് ഇക്കാര്യം ട്വിറ്ററിൽ പങ്കുവെച്ചത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഡ്രൈവറിനെതിരേ കേസെടുത്തതായും പോലീസ് ട്വിറ്ററിൽ അറിയിച്ചു. 20-കാരനായിരുന്നു ടെസ്ലയുടെ ഡ്രൈവർ. സംഭവത്തെ തുടർന്ന് ഇയാളുടെ ലൈസൻസ് റദ്ദാക്കിയതായും പോലീസ് അറിയിച്ചു.
വാഹനങ്ങളിൽ ഓട്ടോ പൈലറ്റ് പോലുള്ള സംവിധാനങ്ങൾ നൽകുന്നത് ഡ്രൈവറുടെ ആയാസം കുറയ്ക്കുന്നതിനായാണ്. ഇത്തരം സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നത് സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നുമാണ് പോലീസിന്റെ വാദം. ഓട്ടോ പൈലറ്റ് സംവിധാനത്തിലും ഡ്രൈവിങ്ങിന്റെ ഉത്തരവാദിത്തം ഡ്രൈവറിനാണെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
പൂർണമായും ഓട്ടോമാറ്റിക് ഡ്രൈവിങ്ങിനായല്ല ടെസ്ല ഓട്ടോ പൈലറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ മോഡിലാണെങ്കിലും ഡ്രൈവറുടെ കൈ സ്റ്റിയറിങ്ങ് വീലിൽ വേണമെന്നുള്ളത് നിർബന്ധമാണ്. എന്നാൽ, ഇത് പാലിക്കുന്നവർ വളരെ കുറവാണ്. അടുത്തിടെ ഓട്ടോ പൈലറ്റ് മോഡിൽ ഓടിയ വാഹനം പോലീസ് വണ്ടിയിലിടിച്ച അപകടമുണ്ടായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

No comments