ഇന്ന് ഒക്ടോബർ31 ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം;
ഇന്നു ഞാൻ നിങ്ങൾക്കു മുന്നിലുണ്ട്, നാളെ ഞാൻ ഉയിരോടുണ്ടാവുമോയെന്നുറപ്പില്ല. എൻ്റെ ജനങ്ങളെ സേവിക്കുന്നതിനാണ് ജീവിതം ഉഴിഞ്ഞുവെച്ചത് എന്നു പറയുന്നതിൽ എനിക്കഭിമാനമുണ്ട്. അതിൽ മാത്രമാണെനിക്കഭിമാനം. അവസാനശ്വാസംവരെ ആ സേവനം തുടരുകതന്നെ ചെയ്യും. മരിച്ചുവീണാലും എൻ്റെ ഓരോ തുള്ളിച്ചോരയും ഇൻഡ്യക്ക് ഊർജവും, ശക്തിയും പകരുമെന്നെനിക്കറപ്പുണ്ട്.
എഴുതിത്തയ്യാറാക്കിയ പതിവു രീതിയിൽ നിന്ന് വ്യത്യസ്തമായി തികച്ചും പ്രവചനാത്മകമായ ഭുബനേശ്വർ പ്രസംഗം.
ഭരണപരിഷ്കാരങ്ങളിലും, സുരക്ഷിതത്വത്തിൻ്റേയും ബാഹ്യശക്തികളുടെ വെല്ലുവിളികളെ നേരിടുന്ന കാര്യത്തിലും വിഖ്യാതനായ പിതാവും, പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാലടക്കമുള്ള മുൻഗാമികളെ അതിശയിപ്പിക്കുകയും, പിൻഗാമികൾക്ക് മാതൃകയാവുകയും ചെയ്ത സ്വർഗ്ഗീയ ഇന്ദിരാ പ്രിയദർശിനിയാണ് സ്വാതന്ത്ര്യാനന്തരം ഭാരതത്തിൻ്റെ ഭൂവിസ്തൃതി വർദ്ധിപ്പിച്ച ഏക ഭരണാധികാരി.
സംഭവ ബഹുലമായ ബാല്യകൗമാരങ്ങളിൽ ഭാരതത്തിൻ്റെസ്വാതന്ത്ര്യം മുൻനിറുത്തി പ്രവർത്തിക്കാനും മഹാത്മാഗാന്ധി, അതിർത്തി ഗാന്ധി, രബീന്ദ്രനാഥ ടാഗോർ തുടങ്ങി ഉന്നതശീർഷരായ നേതാക്കളുമായുള്ള സംസർഗ്ഗത്തിലൂടെ സാമുഹ്യവും, രാഷ്ട്രീയവും ഭരണപരവുമായ കാര്യങ്ങളിൽ തനത് നയങ്ങൾ പ്രവർത്തന പഥത്തിലെത്തിക്കാനവർക്കായി എന്നതിൻ്റെ പ്രത്യക്ഷോദാഹരണങ്ങളാണ്.
ബാങ്ക് ദേശസാൽക്കരണം,പ്രിവിപഴ്സ് നിർത്തലാക്കൽ, ഗരീബീഹഠാവോ, പാക്കിസ്ഥാൻ വിഭജനം തുടങ്ങി ആണവ വിസ്ഫോടനം വരെയുള്ള കാര്യങ്ങൾ എന്നു നിസ്സംശയം പറയാം.77 ലെ പതനത്തിനു ശേഷം നൂറിലേറെ കേസുകൾ അവർക്കെതിരിൽചാർജു ചെയ്ത് വ്യക്തിഗതമായി ഇന്ദിരാജിയേയും, രാഷ്ട്രീയമായി കോൺഗ്രസിനേയും തകർക്കാൻ ഭരണകൂടം ശ്രമിച്ചപ്പോൾ ജനശക്തിയുടെ പിൻബലത്തിൽ കുടിലശക്തികളെ കടപുഴക്കി എറിയുവാൻ അവരെ, പ്രാപ്തയാക്കിയതും മറ്റൊന്നല്ല.
ഒരു നേരത്തെ ഭക്ഷണത്തിന് ലോക രാഷ്ട്രങ്ങളുടെ ദയാവായപിനായി കൈ നീട്ടേണ്ടി വന്ന ഭാരതത്തെ, ധാന്യങ്ങളുടെ കയറ്റുമതി രാഷട്രമാക്കി മാറ്റിയതിനു പിന്നിലെ ചാലകശക്തിയും ഇന്ദിരാഗാന്ധിയുടെ ദൃഢനിശ്ചയം തന്നെയായിരുന്നു എന്ന് നമുക്കു കാണാൻ കഴിയും.
സംസ്ഥാനത്തിൻ്റെ ആസ്ഥാന ശാസ്ത്രജ്ഞർ ഒന്നാകെ അനുകൂലിച്ചിട്ടും സൈലൻ്റ് വാലി പദ്ധതിക്കെതിരിൽ ശക്തമായ നിലപാടെടുത്ത് കേരളത്തിൻ്റെ പാരിസ്ഥിതിക വൈവിദ്ധ്യം സംരക്ഷിച്ച ശ്രീമതി ഗാന്ധിയോടു് കേരളം എന്നും കടപ്പെട്ടിരിക്കുന്നു എന്നു പറയാതെ വയ്യ. ഇന്നിപ്പോൾ ഭാരതത്തിൻ്റെ കിലോമീറ്റർ കണക്കിന് അതിർത്തിപ്രദേശങ്ങൾ അയൽ രാജ്യങ്ങൾ വെട്ടിപ്പിടിക്കുകയും, കൊച്ചു കൊച്ചു രാജ്യങ്ങൾ പോലും ശാക്തികച്ചേരിയുണ്ടാക്കി ഭാരതത്തിൻ്റെ അതിർത്തി മാറ്റി വരച്ചു കൊണ്ട് രാജ്യത്തിൻ്റെ അഖണ്ഡതയേയും, ആയുധബലത്തേയും വെല്ലുവിളിക്കുകയും ചെയ്യുമ്പോൾ, ആണവ വിസ്ഫോടനത്തിനും മുന്നേ അമേരിക്കയെപ്പോലും വെല്ലുവിളിക്കാൻ ധൈര്യം കാട്ടിയ; ഉരുക്കുവനിത എന്നു ലോകം പുകഴ്ത്തിയ ഇന്ദിരാഗാന്ധിയുടെ ദീപ്തസ്മരണ ഓരോ ഭാരതീയനേയും അഭിമാനപൂരിത നാക്കേണ്ടതാണ്.
1984 ഒക്ടോബർ 31 ൻ്റെ അഭിശപ്തമായ പുലരിയിൽ, തൻ്റെ മതഭ്രാന്തരായ സിഖ് അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റുവാങ്ങി ഭാരതത്തിൻ്റെ മതേതരത്വമെന്ന മഹോന്നത മൂല്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച് അമരത്വം വരിച്ച ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ 36ാം രക്തസാക്ഷിത്വ ദിനത്തിൽ, രാജ്യത്തിൻ്റെ അഖണ്ഡതക്കും, ഐക്യത്തിനും, പരിപാവനവും അമൂല്യങ്ങളുമായ ആശയങ്ങൾക്കെതിരായുമുയരുന്ന തദ്ദേശീയവും, വിദേശീയവുമായ ഓരോ വെല്ലുവിളികളേയും ജീവൻ നൽകിയും ചെറുത്തു തോൽപിക്കാമെന്ന് നമുക്കു പുനരർപ്പണ പ്രതിജ്ഞയെടുക്കാം.
നൂറ്റാണ്ടുകൾ കഴിഞ്ഞാലും സുദീപ്തമായി നിലനില്ക്കുന്ന ആ പാവനസ്മരണകളിൽ അശ്രുപുഷ്പങ്ങളോടെ....

No comments