Breaking News

തോറ്റാല്‍ പുറത്ത്, ജീവന്‍മരണ പോരാട്ടത്തിന് ഹൈദരാബാദ്; ബാംഗ്ലൂരിനും നിര്‍ണായകം


ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. രാത്രി 7.30ന് ഷാര്‍ജയിലാണ് മത്സരം. ഇന്ന് തോറ്റാല്‍ സണ്‍റൈസേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താകും.


2016ന് ശേഷം ആദ്യമായി പ്ലേ ഓഫിലെത്താന്‍ റോയൽ ചലഞ്ചഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. 2016ന് ശേഷം ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താകുന്നത് ഒഴിവാക്കാന്‍ സൺറൈസേഴ്‌സ് ഹൈദരാബാദും. ഷാര്‍ജയിൽ ജയം മാത്രം ലക്ഷ്യമാക്കി കോലിയും വാര്‍ണറും നേര്‍ക്കുനേര്‍. ഡെത്ത് ഓവറുകളില്‍ പതുങ്ങിയതിന്‍റെ ക്ഷീണം കഴിഞ്ഞ രണ്ട് തോൽവിയിലും ബാംഗ്ലൂര്‍ അറിഞ്ഞു. കോലി- ഡിവില്ലിയേഴ്‌സ് സഖ്യത്തെ അമിതമായി ആശ്രയിക്കുന്നത് ദൗര്‍ബല്യം.


ബാംഗ്ലൂര്‍ ജയിച്ച മത്സരങ്ങളില്‍ കോലി 238 റൺസും ഡിവില്ലിയേഴ്‌സ് 196 സ്‌ട്രൈക്ക് റേറ്റില്‍ 196 റൺസും നേടി. ബാംഗ്ലൂര്‍ തോറ്റപ്പോഴാകട്ടേ കോലി 151 ഉം ഡിവില്ലിയേഴ്‌സ് 93ഉം റൺസിലേക്ക് ഒതുങ്ങി. ദേവ്‌ദത്ത് പടിക്കൽ ഒഴികെയാരെയും വിശ്വസിക്കാനാകില്ല


ബെയര്‍സ്റ്റോയെ തഴഞ്ഞ് സാഹയെ ഓപ്പണറാക്കിയ പരീക്ഷണം വിജയിച്ചതിന്‍റെ ആശ്വാസത്തിലാകും സൺറൈസേഴ്‌സ്. ഡിവില്ലിയേഴ്‌സിനെ തളയ്ക്കാന്‍ റാഷിദ് ഖാനെ തന്നെ നിയോഗിച്ചേക്കും വാര്‍ണര്‍. സൺറൈസേഴ്‌സിന്‍റെ ശൈലിക്ക് അനുയോജ്യമായ വേദിയല്ല ഷാര്‍ജയെന്ന വിലയിരുത്തലുമുണ്ട്. 10 പോയിന്‍റ് മാത്രമുള്ള ഹൈദരാബാദിന് ഇന്ന് തോറ്റാൽ പ്ലേ ഓഫിലേക്കുള്ള വഴിയടയും.

No comments