Breaking News

ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു ചോദിക്കരുത്- ജില്ലാകളക്ടര്‍

 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍   ജാതിയുടെയും  സമുദായത്തിന്റെയും പേരില്‍  വോട്ടു തേടാന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ  കളക്ടര്‍ ഡോ ഡി സജിത് ബാബു  പറഞ്ഞു. തദ്ദേക സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ദേവാലയങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മറ്റ് ആരാധനാസ്ഥലങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കാന്‍ പാടില്ല. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ, ഭാഷാ പരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ, പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതോ  ആയ  ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ,സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടുവാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ,പതിനായിരം രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

       മറ്റ് രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ അത്  അവരുടെ നയങ്ങളിലും പരിപാടികളിലും  പൂര്‍വ്വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കി നിറുത്തണം.മറ്റു കക്ഷികളുടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാന രഹിതമായതോ,വളച്ചൊടിച്ചതോ ആയ  ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റ് കക്ഷികളെയും അവയിലെ പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നത് ഒഴിവാക്കണം.

ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എത്രതന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം.വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക,പിക്കറ്റു  ചെയ്യുക തുടങ്ങിയ രീതികള്‍ ഒരു കാരണവശാലും അവലംബിക്കരുത്. ഒരു വ്യക്തിയുടെ സ്ഥലം,കെട്ടിടം,മതില്‍ തുടങ്ങിയവ അയാളുടെ  അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ,ബാനറുകള്‍  കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍  രാഷ്ട്രീയകക്ഷികളോ,സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കാന്‍ പാടില്ല.
സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ,പോസ്റ്റര്‍ ഒട്ടിക്കാനോ, ബാനര്‍,കട്ട് ഔട്ട് തുടങ്ങിയ സ്ഥാപിക്കാനോ പാടില്ല.പൊതുജനങ്ങള്‍ക്ക് അസൗകര്യമോ,ശല്യമോ ഉണ്ടാക്കുന്ന വിധത്തില്‍   പ്രചരണ സാമഗ്രികള്‍(കൊടി,ബാനര്‍,പോസ്റ്റര്‍,കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ  പ്രചരണങ്ങള്‍ക്കോ,റാലികള്‍ക്കോ ഉപയോഗിക്കരുത്.പരസ്യങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.

ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ,സമ്മതിദായനോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌കരണം,സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തരുത്.

നഗരസഭകളില്‍ പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവിലും പഞ്ചായത്തിന്റെ കാര്യത്തില്‍ 200 മീറ്ററിനുള്ളിലും വോട്ട് തേടരുത്
 
വോട്ടെടുപ്പ് ദിവസം നഗരസഭകളില്‍ കാര്യത്തില്‍    പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവിലും പഞ്ചായത്തിന്റെ കാര്യത്തില്‍ 200 മീറ്ററിനുള്ളിലും വോട്ട് തേടുക,വോട്ടടുപ്പ് അവസാനിപ്പിക്കുന്നതിന്  നിശ്ചയിച്ചിട്ടുള്ള  സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക,  പോളിങ് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടു പോകുക തുടങ്ങിയവ തെരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളാണ്.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ  ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു.സബകളക്ടര്‍  ഡി   ആര്‍ മേഘശ്രീ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ
രമേന്ദ്രന്‍,പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ജെയ്‌സണ്‍ മാത്യൂ ,ആര്‍  ഡി ഒ ഷംഷുദ്ദീന്‍ വി ജെ, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ  രവികുമാര്‍,സിറോഷ് പി  ജോണ്‍, സര്‍വ്വേ ഡെപ്യൂട്ടി ഡയരക്ടര്‍ കെ കെ സുനില്‍, എഡിസി ജനറല്‍ ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസുദനന്‍, കാഞ്ഞങ്ങാട് നഗരസഭ  ആര്‍ ഒ മനോജ് കുമാര്‍, കെ പ്രദീപന്‍, വിവി,വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ടി കെ രാജന്‍, ബി സുരേഷ് ബാബു,  എം കുഞ്ഞമ്പു നായര്‍, നാഷണല്‍ അബ്ദുള്ള, മനുലാല്‍ മേലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു

.,.......................................................................

ജില്ലയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി
കളക്ടറേറ്റില്‍ പരാതി പരിഹാര സെല്‍ തുറക്കും

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒരുക്കങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബൂ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല നോഡല്‍ഓഫീസര്‍മാരുടെയും ആര്‍ ഒ മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ പരാതി പരിഹാര സെല്‍ ഒരുക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള തെരഞ്ഞെടുപ്പ് പരിശീലനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്  നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടര്‍ യോഗത്തില്‍  പറഞ്ഞു.
    പൊതുസ്ഥലങ്ങളില്‍ പ്രചരണ സാമഗ്രികള്‍  നീക്കം ചെയ്യുന്നതുള്‍പ്പെടെ മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കാന്‍ ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് തലവനായി എല്‍ എ (എന്‍ എച്ച്) കാഞ്ഞങ്ങാട് ഡിവിഷന്‍ തഹസില്‍ദാര്‍ രത്നാകരനെ (9496830755)ചുമതലപ്പെടുത്തി. ഇ-ഡ്രോപ്പ്,മാന്‍പവര്‍ മാനേജ്മെന്റ്,ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ മാനേജ്‌മെന്റ്, ഗതാഗതം, പരിശീലനംപോസ്റ്റല്‍ വോട്ട്, കമ്പ്യൂട്ടറൈസേഷന്‍  തുടങ്ങിയ ഒരുക്കങ്ങള്‍ കളക്ടര്‍ വിലയിരുത്തി. 

കളക്ടറേറ്റില്‍  ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. സബകളക്ടര്‍  ഡി   ആര്‍ മേഘശ്രീ,ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെരമേന്ദ്രന്‍,കാസര്‍കോട്  ആര്‍ ഡി ഒ ഷംഷുദ്ദീന്‍ വിജെ, വിവിധ  നോഡല്‍  ഓഫീസര്‍മാരായ എന്‍ ദേവീദാസ്,കെ ജി മോഹനന്‍, എ കെ  രാധാകൃഷ്ണന്‍,കെ ബാലകൃഷ്ണന്‍,എം അന്‍സാര്‍,കെ സതീശന്‍,വി സൂര്യ നാരായണന്‍,എ അഞ്ചലോ,എം മധൂസൂദനന്‍, കെ  രാജന്‍,ഡി എസ്  സെല്‍വരാജ്,   ആര്‍ ഒ മാരായ കെ കെ സുനില്‍, ബെബിന്‍ ജോണ്‍ വര്‍ഗ്ഗീസ്, കെ  രവികുമാര്‍,സിറോഷ് പി  ജോണ്‍,  എന്നിവര്‍ പങ്കെടുത്തു.

 അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്കുള്ള 17 അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷതയില്‍   ചേര്‍ന്ന യോഗത്തില്‍  തീരുമാനമായി. നിലവില്‍ ഈ 17 അതിര്‍ത്തിപോയിന്റുകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി പണം, ആയുധങ്ങള്‍, മദ്യം എന്നിവ കടത്തുന്നത് തടയും. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അടുത്തുള്ള  പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി  വനം വകുപ്പിന്റെ നേതൃത്വത്തില്‍ വനമേഖലയില്‍ പരിശോധന ശക്തമാക്കും. ആര്‍ ടി ഒ യുടെ നേതൃത്വത്തില്‍ വാഹന പരിശോധന  ശക്തമാക്കാനും തീരുമാനിച്ചു.എക്സ്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായി  റെയ്ഡ് നടത്തും.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ കന്നട, കൂര്‍ഗ് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷ്ണര്‍മാരുമായി  ചര്‍ച്ച നടത്താനും ധാരണയായി. പ്രശ്ന ബാധിത ബൂത്തുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ യോഗം വിലയിരുത്തി. സുരക്ഷാ മുന്നൊരുങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അടുത്ത യോഗം ഡിസംബര്‍ മൂന്നിന്  വീണ്ടും ചേരും. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്പ, എ എസ് പി  സേവ്യര്‍ സെബാസ്റ്റ്യന്‍, ഡി വൈഎസ് പി ഹരിചന്ദ്രനായിക്, ആര്‍ ഡി ഒ   ഷംഷുദ്ദീന്‍ വി ജെ, വരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നവംബര്‍ 16 നകം തോക്ക്  സറണ്ടര്‍ ചെയ്യണം

തെരഞ്ഞെടുപ്പിന് മുന്നോടിയായി തോക്ക് ലൈസന്‍സ്  ഉള്ള എല്ലാവരും തോക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നവംബര്‍ 16 നകം സറണ്ടര്‍ ചെയ്യണം.തോക്ക് സറണ്ടര്‍ ചെയ്താല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന രസീത് കളക്ടറേറ്റിലെ എഡിഎമ്മിന്റെ ഓഫീസിലേക്ക് ഇ-മെയില്‍ മുഖാന്തിരമോ,( kascoll.ker@nic.in  ) നേരിട്ടൊ ഹാജാക്കണം. തോക്ക് സറണ്ടര്‍ ചെയ്യുന്നതില്‍, ഉദാസീനത കാണിച്ചാല്‍, തോക്ക് ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളില്‍ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങള്‍ അരുത്

തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ അച്ചടിക്കുമ്പോള്‍, എതിര്‍ സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങള്‍ പാടില്ലായെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പ്രസ്  ഉടമകളുടെ യോഗത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ അച്ചടിക്കുമ്പോള്‍ ഏത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് അച്ചടിക്കുന്നത്,എവിടെ നിന്നാണ് അച്ചടിക്കുന്നത്, എത്ര കോപ്പിയാണ് അച്ചടിക്കുന്നത് എന്ന് പ്രചരണ സാമഗ്രികളില്‍ പ്രത്യേകം  രേഖപ്പെടുത്തണം. നോട്ടീസിന്റെ മാസ്റ്റര്‍ കോപ്പി പ്രത്യേക രജിസ്റററായി സൂക്ഷിക്കണം. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മൂന്ന് വര്‍ഷം വരെ തടവോ, 10000 രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

No comments