Breaking News

രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചനകള്‍; രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയായി

 

ന്യൂദല്‍ഹി: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതല നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍.

അതിനിടെ രാഹുല്‍ ഗാന്ധിയുമായി ചെന്നിത്തല നടത്തുന്ന കൂടിക്കാഴ്ച പൂര്‍ത്തിയായി. അരമണിക്കൂര്‍ നീണ്ടുനിന്ന രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണതൃപ്തനെന്ന് ചെന്നിത്തല അറിയിച്ചു. തോല്‍വിയുടെ കാരണങ്ങള്‍ രാഹുലുമായി സംസാരിച്ചെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല.

കെ. സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് ചെന്നിത്തലയെ രാഹുല്‍ ഗാന്ധി ദല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കേരളത്തിലെ നേതൃമാറ്റത്തിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തുനിന്നുള്ള നേതാവിനെ ഹൈക്കമാന്റ് ദല്‍ഹിക്ക് വിളിപ്പിക്കുന്നത്.


 
ഹൈക്കമാന്റിന്റെ തീരുമാനങ്ങളില്‍ ചെന്നിത്തല അതൃപ്തനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നേതൃത്വത്തെവെട്ടി പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്റ് ഏകപക്ഷീയമായി തീരുമാനിച്ച രീതിയിലുള്ള പരാതി നേരത്തെ രമേശ് ചെന്നിത്തലക്കുണ്ടായിരുന്നു

2004ല്‍ പ്രവര്‍ത്തക സമിതി അംഗം എന്ന നിലയില്‍ ചെന്നിത്തല ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ നാല് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ കേരളത്തില്‍ നിന്നുണ്ട്. കെ.എസ്.യു. നേതാവായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ എത്തിയ ചെന്നിത്തല എന്‍.എസ്.യു.വിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ദേശീയ അധ്യക്ഷനായിരുന്നു.

അതേസമയം, അടിയന്തിരമായി ദല്‍ഹിയില്‍ എത്തിച്ചേരാന്‍ 39 വര്‍ഷം മുന്‍പ് രാജീവ് ഗാന്ധി നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധി തന്നെ ദല്‍ഹിയിലേക്ക് വിളിപ്പിച്ച പശ്ചാത്തലത്തില്‍ ചെന്നിത്തല ട്വിറ്ററില്‍ ഓര്‍മിപ്പിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്

തൊട്ടടുത്ത ദിവസം ദല്‍ഹിയില്‍ എത്തണമെന്നു ആവശ്യപ്പെട്ട് 39 വര്‍ഷം മുന്‍പ് രാജീവ് ഗാന്ധിയുടെ ഫോണ്‍ എനിക്കുവന്നു. സുഹൃത്തുക്കള്‍ പണം സമാഹരിച്ചാണ് അന്ന് വിമാന ടിക്കറ്റ് എടുത്തുതന്നത്. എന്നെ കണ്ട രാജീവ് ഗാന്ധിയുടെ വാക്കുകള്‍ ഇതായിരുന്നു.

‘താങ്കള്‍ എന്‍.എസ്.യു. പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ പോകുന്നു. ‘ഓര്‍മവഴിയേ’ എന്ന ഹാഷ്ടാഗില്‍ ഇന്ദിരഗാന്ധി, രാജീവ്, കെ.കരുണാകരന്‍ എന്നിവര്‍ക്കൊപ്പമുള്ള പഴയ ചിത്രങ്ങളും ചെന്നിത്തല ട്വിറ്ററില്‍ കുറിച്ചു. ഇത് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതിന്റെ സൂചനകളാണോ എന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

No comments