ധോണിയുടെ ജന്മദിനത്തിൽ 2011 ലോകകപ്പിലെ തന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് ഗംഭീർ; പൊങ്കാലയുമായി ധോണി ആരാധകർ
എംഎസ് ധോണിയുടെ 40ആം ജന്മദിനത്തിൽ 2011 ലോകകപ്പിലെ തൻ്റെ ചിതം ഫേസ്ബുക്കിൽ പങ്കുവച്ച മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന് പൊങ്കാലയുമായി ധോണി ആരാധകർ. ലോകകപ്പ് ഫൈനലിലെ ചിത്രം ധോണിയുടെ ജന്മദിനത്തിൽ തന്നെ പങ്കുവച്ച ഗംഭീറിന് അസൂയ ആണെന്നാണ് ആരാധകർ പറയുന്നത്. ലോകകപ്പ് ഫൈനലിൽ 97 റൺസെടുത്ത ഗംഭീർ ആയിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ. എന്നാൽ, 91 റൺസെടുത്ത് പുറത്താവാതെ നിൽക്കുകയും സിക്സറടിച്ച് ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്ത ധോണിയുടെ പ്രകടനത്തിനു മുന്നിൽ ഗംഭീറിൻ്റെ ഇന്നിംഗ്സ് മുങ്ങിപ്പോയിരുന്നു.
തൻ്റെ ഫേസ്ബുക്ക് പേജിലെ കവർ ഫോട്ടോ ആയാണ് ഗംഭീർ ചിത്രം പങ്കുവച്ചത്. ഫൈനലിൽ ബാറ്റ് ചെയ്യുന്നതിനിടെയുള്ള ഒരു ചിത്രം ആദ്യം പങ്കുവച്ച ഗംഭീർ കമൻ്റ് ബോക്സിലെ പൊങ്കാലകൾക്ക് ശേഷം ചിത്രം ഡിലീറ്റ് ചെയ്തു. എന്നാൽ, പുതുതായി പങ്കുവച്ച ചിത്രവും അതേ ഇന്നിംഗ്സിനിടെയുള്ളതായിരുന്നു. ഈ ചിത്രത്തിൻ്റെ കമൻ്റ് ബോക്സിലും പൊങ്കാല നടക്കുകയാണ്.
ഫൈനലിൽ തൻ്റെ പ്രകടനത്തെ മറന്ന് ധോണിയുടെ ഇന്നിംഗ്സിനെ പുകഴ്ത്തുന്നതിനെതിരെ ഗംഭീർ പലതവണ രംഗത്തെത്തിയിട്ടുണ്ട്. ആ ഒരു ഇന്നിംഗ്സ് മാത്രമല്ല, തൻ്റെ 97 റൺസും കിരീടനേട്ടത്തിൽ നിർണായകമായിട്ടുണ്ട് എന്നാണ് ഗംഭീർ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഫൈനലിൽ ശ്രീലങ്ക മുന്നോട്ടുവച്ച 275 റൺസ് എന്ന വിജയലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കെ മറികടന്നാണ് ഇന്ത്യ രണ്ടാം ഏകദിന ലോകകപ്പ് നേടിയത്


No comments