Breaking News

സാമൂഹിക മാധ്യമങ്ങള്‍ക്ക് സമൂഹത്തെ സ്വാധീനിക്കാനും ധ്രുവീകരിക്കാന്‍ കഴിയും -സുപ്രീം കോടതി


ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടർ അജിത് മോഹന് ഡൽഹി നിയമസഭാസമിതിയുടെ പാനൽ അയച്ച സമൻസ് റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഫെയ്സ്ബുക്ക് പോലുളള സാമൂഹിക മാധ്യമങ്ങൾക്ക് ആളുകളെ സ്വാധീനിക്കാനും സമൂഹത്തെ ധ്രുവീകരിക്കാനുമുളള കഴിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന ക്രമസമാധാനത്തിന്റെയും ക്രിമിനൽ പ്രോസിക്യൂഷന്റെയും മേഖലകളിലേക്ക് കടന്നുകയറാൻ ഡൽഹി നിയമസഭയുടെ അന്വേഷണത്തിന് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അതിനാൽ തന്നെ ഈ മേഖലകളുമായി ബന്ധപ്പെട്ടുളള ചോദ്യങ്ങളാണെങ്കിൽ നിയമസഭാ സമിതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാൻ ഹർജിക്കാരന്റെ പ്രതിനിധിക്ക് സാധിക്കുമെന്നും കോടതി വിലയിരുത്തി.

ഡൽഹി നിയമസഭാസമിതി അയച്ച സമൻസിനെ ചോദ്യം ചെയ്ത് അജിത് മോഹനും മറ്റ് ഉദ്യോഗസ്ഥരും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതുപരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഡൽഹി കലാപവുമായി ബന്ധപ്പെട്ടുളള അന്വേഷണ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് പാനൽ അജിത്തിന് സമൻസ് അയച്ചത്. അജിത് മോഹൻ സമർപ്പിച്ച ഹർജിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സമിതിയും കഴിഞ്ഞ വർഷം ഡിസംബറിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഡൽഹി കലാപത്തെ കുറിച്ച് അന്വേഷിക്കാൻ ഡൽഹി നിയമസഭയ്ക്ക് അധികാരമില്ലെന്ന വാദം കോടതി തളളി. കേന്ദ്രത്തിന്റെ ഏഴാം ഷെഡ്യൂൾ ഒഴികെയുളള സമാധാനവും ഐക്യവും സംബന്ധിച്ച ഏതുവിഷയത്തിലും വിവരങ്ങൾ ആരായാൻ സമിതിക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി

No comments