Breaking News

‘ഇന്ത്യയുടെ രണ്ടാം നിര ടീമിനെതിരെ കളിക്കുന്നത് ക്രിക്കറ്റിന് തന്നെ അപമാനം’; തുറന്നടിച്ച് ശ്രീലങ്കന്‍ മുന്‍ നായകൻ രണതുംഗ

 

ഇന്ത്യയുടെ രണ്ടാം നിരയ്‌ക്കെതിരെ പരമ്പര കളിക്കുന്നത് ശ്രീലങ്കന്‍ ക്രിക്കറ്റിന് അപമാനമാണെന്ന് ശ്രീലങ്കന്‍ മുന്‍ നായകന്‍ അര്‍ജുന രണതുംഗ.
ഇന്ത്യയുടെ രണ്ടാം നിര ടീമുമായി വൈറ്റ്ബോള്‍ പരമ്പരയ്ക്ക് സമ്മതിച്ച ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട് ശരിയായില്ലെന്നും ഇത് ക്രിക്കറ്റിനോടു തന്നെയുള്ള അവഹേളനമാണെന്നും രണതുംഗ പറഞ്ഞു.

‘ഇത് രണ്ടാം നിര ഇന്ത്യന്‍ ടീമാണ്. ഇന്ത്യ അവരുടെ മികച്ച ടീമിനെ ഇംഗ്ലണ്ടിലേക്ക് അയച്ചു. ദുര്‍ബലമായ ടീമിനെ ഇവിടേക്കും. അവര്‍ ഇവിടെ വരുന്നത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് തീരുമാനിച്ച ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരാണ് തെറ്റുകാര്‍. ടെലിവിഷന്‍ മാര്‍ക്കറ്റ് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവരുടെ തീരുമാനം’ രണതുംഗ പറഞ്ഞു.

സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിന് പോയിരിക്കുന്നതിനാല്‍ യുവതാരങ്ങളെയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ചിരിക്കുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിനെ രാഹുല്‍ ദ്രാവിഡാണ് പരിശീലിപ്പിക്കുന്നത്. ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യനിരയില്‍ മുഴുവന്‍ യുവതാരങ്ങളാണ്.

മൂന്നു വീതം ഏകദിന ടി20 പരമ്പരകളാകും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13 ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ജൂലൈ 16, 19 തിയതികളില്‍ ബാക്കി രണ്ട് ഏകദിനങ്ങള്‍ നടക്കും. ഉച്ചക്ക് 1.30 നാവും മത്സരങ്ങള്‍ ആരംഭിക്കുക. ടി20 മത്സരങ്ങള്‍ ജൂലൈ 22, 24,27 തിയതികളില്‍ നടക്കും. വൈകിട്ട് 7 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.

No comments