ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്; ക്രിക്കറ്റില്‍ പുതുചരിത്രപ്പിറവി
ലോക ക്രിക്കറ്റില്‍ അമ്പരപ്പ് സൃഷ്ടിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അയര്‍ലന്‍ഡിന്റെ അട്ടിമറി ജയം. സ്വന്തം നാട്ടില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 43 റണ്‍സിനാണ് വമ്പന്മാരെ ഈ കുഞ്ഞന്‍ ടീം അട്ടിമറിച്ചത്. മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തിലെ ജയത്തോടെ അയര്‍ലന്‍ഡ് 1-0ന് മുന്നിലെത്തി.
ഡബ്ലിനില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നായകന്‍ ആന്‍ഡി ബാല്‍ബറിന്റെ സെഞ്ചുറി മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 48.3 ഓവറില്‍ 247 റണ്‍സിന് പുറത്താകുകയായിരുന്നു.
അയര്‍ലന്‍ഡിന്റെ മികച്ച സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഓപ്പണര്‍ ജാനെമെന്‍ മലനും(84), റാസി വാന്‍ഡര്‍ ഡസനും(49) മാത്രമേ തിളങ്ങാനായുള്ളു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്ക് അഡയര്‍, ജോഷ്വാ ലിറ്റില്‍, ആന്‍ഡി മക്‌ബ്രെയ്ന്‍ എ്ന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയെ തളച്ചത്.
നേരത്തെ ആദ്യ ബാറ്റിങ്ങിനറങ്ങിയ അയര്‍ലന്‍ഡിന്റെ നായകന്‍ ബാല്‍ബറിന്‍ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. 117 പന്തില്‍ നിന്ന് 10 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 102 റണ്‍സാണ് ബാല്‍ബറിന്‍ നേടിയത്. നായകനു പുറമേ 68 പന്തില്‍ നിന്ന് ആറു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 79 റണ്‍സ് നേടിയ ഹാരി ടെക്ടറും 23 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 45 റണ്‍സ് നേടിയ ജോര്‍ജ് ഡോക്‌റലും അയര്‍ലന്‍ഡ് ഇന്നിങ്‌സില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഇതാദ്യമായല്ല അയര്‍ലന്‍ഡ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അട്ടിമറികള്‍ നടത്തുന്നത്. ആദ്യ റൗണ്ടില്‍ പുറത്തായി ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന 2007 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ കടന്ന ടീമാണ് അയര്‍ലന്‍ഡ്. അന്ന് പാകിസ്താനെയാണ് അവര്‍ അട്ടിമറിച്ചത്. നാലു വര്‍ഷത്തിനു ശേഷം 2011 ലോകകപ്പില്‍ ഇംഗ്ലണ്ടും പിന്നീട് നാലു വര്‍ഷത്തിനു ശേഷം 2015 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസും ഐറിഷ് വീര്യം അറിഞ്ഞവരാണ്.

No comments