കട അടച്ചിടലില്‍ മിഠായിത്തെരുവിന്റെ മാത്രം നഷ്ടം 2500 കോടി, തുടര്‍ന്നാല്‍ നഷ്ടത്തിന്‍റെ കണക്ക് കൂടുമെന്ന് വ്യാപാരികൾ, ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള കട അടച്ചിലിനെ തുടർന്ന് മിഠായിത്തെരുവിന് മാത്രം നഷ്ടമായത് രണ്ടായിരത്തി അഞ്ഞൂറ് കോടിയിലധികം രൂപ. കട അടച്ചിടല്‍ തുടര്‍ന്നാല്‍ ഈ നഷ്ടത്തിന്‍റെ കണക്ക് കൂടുകയല്ലാതെ മറ്റ് കാര്യമായ ഗുണങ്ങളില്ലെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
നിയന്ത്രണങ്ങളെത്തുടര്‍ന്ന് ജൂണില്‍ ആകെ ലഭിച്ചത് 13 പ്രവൃത്തി ദിനങ്ങളാണ്. ജൂലൈയില്‍ ഇതുവരെ നാലുദിനവും ലഭിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളിലായി 26 ദിവസം ഇതുവരെ കടകള്‍ അടഞ്ഞുകിടന്നു. ഒരു ദിവസം ഏകദേശം നൂറു കോടിയുടെ കച്ചവടം നടക്കും. ചെറുതും വലുതുമായ 1600 കടകളാണ് ആകെയുള്ളത്. അങ്ങനെയെങ്കില്‍ 2600 കോടിയുടെ കച്ചവടം മിഠായിത്തെരുവിന് മാത്രം നഷ്ടമായി. വന്‍ സാമ്പത്തിക അടിത്തറയുള്ള കച്ചവടക്കാരല്ല ഇവരൊന്നും. ഭൂരിഭാഗവും ചെറുകിട കച്ചവടക്കാരാണ്.
ശനിയും ഞായറും മാത്രം കടകൾ അടച്ചിട്ടതുകൊണ്ട് കോവിഡ് വ്യാപനം കുറയില്ലെന്ന വാദത്തിലാണ് വ്യാപാരികൾ. ഇടവേളകളില്ലാതെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം. വ്യാഴാഴ്ച മുതൽ എല്ലാ കടകളും തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. സർക്കാരിന്റെ നിയന്ത്രണങ്ങൾക്കെതിരെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുന്നിലും ഇന്ന് പ്രതിഷേധം നടത്താനും വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്.
ഇത്രയും ദിവസത്തിനിടെ 14 ദിവസം മാത്രമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞത്. എട്ടുശതമാനത്തിലേയ്ക്ക് ഒറ്റദിവസം പോലും എത്തിയിട്ടുമില്ല.
എന്നാൽ സർക്കാറിനെ സമ്മർദത്തിലാക്കാനുള്ള വ്യാപാരികളുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചിരുന്നു. കടകൾ തുറക്കുമെന്ന വ്യാപാരികളുടെ തീരുമാനത്തെ നേരിടേണ്ട രീതിയിൽ നേരിടുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

No comments