ദേശീയ പതാകയെ അപമാനിച്ചു; കെ സുരേന്ദ്രനെതിരെ കേസ് തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്
ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരത്തെ സിപിഐഎം നേതാവ് പ്രദീപിന്റെ പരാതിയിലാണ് കേസ്. ഇന്ന് രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയപതാക തലകീഴായി ഉയർത്തിയ സംഭവത്തിലാണ് നടപടി. കെ സുരേന്ദ്രന്‍ ആദ്യം പതാക ഉയര്‍ത്തിയത് തലതിരിച്ചായിരുന്നു. തെറ്റ് മനസിലായി ഉടന്‍ തിരുത്തിയെങ്കിലും വീഡിയോയും ഫോട്ടോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം വിവാദമായിരുന്നു. അതേസമയം, പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് ബിജെപി വിശദീകരണം. ഇതിനിടെ മൊബൈല്‍ ഫോണില്‍ നോക്കി ജനഗണമന ആലപിച്ച് വി മുരളീധരനും വിവാദത്തില്‍പ്പെട്ടു. അറ്റന്‍ഷനില്‍ നിന്ന് ദേശീയഗാനം ആലപിക്കേണ്ടതിന് പകരമാണ് മൊബൈല്‍ ഫോണില്‍ നോക്കി ജനഗണമന പാടി മന്ത്രി വിവാദത്തിലായത്.

No comments