Breaking News

'യഥാര്‍ഥ പ്രതിയെ പിടിക്കണം, എന്നെ അറസ്റ്റ് ചെയ്ത അന്നുള്ള ഉഷാര്‍ പൊലീസിന് ഇപ്പോഴില്ല': സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീനാഥിന്‍റെ സമരം


മലപ്പുറത്ത് വ്യാജ പീഡന പരാതിയിൽ ജയിലിലടക്കപ്പെട്ട ശ്രീനാഥ് കുടുംബത്തോടൊപ്പം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തി. ഓൾ കേരള മെൻസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. ഡിഎൻഎ ടെസ്റ്റിൽ നിരപരാധിയാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ വ്യാജ പീഡന പരാതിയിലെ കേസ് പിൻവലിക്കാൻ പൊലീസ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീനാഥിന്‍റെയും കുടുംബത്തിന്‍റെയും സമരം. ചെയ്യാത്ത കുറ്റത്തിന് 35 ദിവസമാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ശ്രീനാഥ് ജയിലിൽ കിടന്നത്. പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പതിനേഴുകാരിയുടെ മൊഴിയുള്ളതിനാൽ കേസ് പിൻവലിക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. ‌യഥാര്‍ഥ പ്രതിയെ പിടിക്കണം, എന്നെ അറസ്റ്റ് ചെയ്ത അന്നുള്ള ഉഷാര്‍ അവര്‍ക്കിപ്പോ ഇല്ല'- ശ്രീനാഥ് പറഞ്ഞു. വ്യാജ പരാതിയിൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്യുക, പൊലീസുകാർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും കുടുംബം മുന്നോട്ട് വെയ്ക്കുന്നു. മകന് നീതി ലഭിക്കണം, സത്യം പുറത്തുകൊണ്ടുവരണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

No comments