Breaking News

വര്‍ഗീയ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ നടപടി എടുത്തില്ല; നാര്‍ക്കോട്ടിക് വിവാദത്തില്‍ സര്‍ക്കാരിന്റേത് കള്ളക്കളിയെന്ന് വി.ഡി. സതീശന്‍


കൊച്ചി: നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് കള്ളക്കളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രി വാസവന്‍ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നത് എന്തിനാണെന്നും വര്‍ഗീയ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ നടപടി എടുത്തില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കാന്‍ പൊലീസ് നടപടിയെടുക്കണം. പച്ചവെള്ളത്തിന് തീപിടിക്കുന്ന വര്‍ത്തമാനം സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഒരാള്‍ പോലും അറസ്റ്റിലായിട്ടില്ലെന്ന് സതീശന്‍ ആരോപിച്ചു. പച്ചക്ക് വര്‍ഗീയത പറഞ്ഞിട്ടും നടപടിയെടുക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് പൊലീസെന്നും സതീശന്‍ ചോദിച്ചു.

സാമുദായിക ധ്രുവീകരണം നിര്‍ത്താനായി സര്‍വമതയോഗം, സര്‍വ കക്ഷിയോഗം എന്നിവ വിളിക്കാന്‍ പറഞ്ഞിട്ട് ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാറിന്. സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതുണ്ട്.

വര്‍ഗീയതക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആണ് ഞങ്ങള്‍ സ്വീകരിച്ചത്. അതാര് ചെയ്താലും തെറ്റാണ്. എന്നാല്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി അത്തരത്തിലുള്ള ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.

മുഖ്യമന്ത്രിക്ക് പ്രസ്താവന മാത്രമേയുള്ളൂ. പ്രസ്താവന നടത്താന്‍ വേണ്ടിയല്ലല്ലോ, പ്രവര്‍ത്തിക്കാന്‍ വേണ്ടിയല്ലേ മുഖ്യമന്ത്രിയായിരിക്കുന്നത്.

ഈ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ പരിഹരിക്കാന്‍ അദ്ദേഹം എന്ത് നടപടിയെടുത്തു. അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്ക്. സംഘപരിവാര്‍ ഈ വിഷയത്തില്‍ മുതലെടുപ്പ് നടത്തുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നീണ്ടുപോകട്ടെ എന്ന സമീപനമാണ് സര്‍ക്കാരും സി.പി.ഐ.എമ്മും സ്വീകരിക്കുന്നതെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ബി.ജെ.പി ശൈലി കോണ്‍ഗ്രസ് ഏറ്റെടുത്തെന്ന സി.പി.ഐ.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷ പ്രതികരണവുമായി വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഈ വിഷയത്തില്‍ സ്വന്തം അഭിപ്രായം പോലുമില്ലാത്ത ആളാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെന്നും സ്വന്തം അഭിപ്രായം പറഞ്ഞാല്‍ മറുപടി പറയാന്‍ തയ്യാറാണെന്നും സതീശന്‍ പറഞ്ഞിരുന്നു.

വിവാദത്തെക്കുറിച്ച് സി.പി.ഐ.എമ്മിന് വ്യക്തമായ നിലപാടില്ല. രണ്ട് സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുകയെന്നത് സംഘപരിവാറിന്റെ അജന്‍ഡയാണ്. ഈ സംഘര്‍ഷം കുറച്ചുകാലം കൂടി തുടരട്ടെയെന്നാണ് സി.പി.ഐ.എമ്മിന്റെ നയം. വര്‍ഗീയ ചേരിതിരിവ് ഇല്ലാതാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും നടക്കാത്തതിനാലാണ് കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്.

പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ പ്രതിപക്ഷം പിന്തുണ നല്‍കും. സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ വിഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത ഏക സര്‍ക്കാര്‍ കേരളത്തിലേതാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

No comments