Breaking News

മോദിയുടെ രാഷ്ട്രീയനേട്ടത്തിനായി കൊവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന് ന്യൂയോര്‍ക് ടൈംസ്; പ്രതിഷേധവുമായി കേന്ദ്രം


ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ നേട്ടത്തിനായി കൊവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന ന്യൂയോര്‍ക് ടൈംസ് വാര്‍ത്തയ്‌ക്കെതിരെ കേന്ദ്രം രംഗത്ത്.

റിപ്പോര്‍ട്ട് പ്രകോപനപരവും ശ്രദ്ധനേടാനുള്ളതുമാണെന്ന് കേന്ദ്രം ആരോപിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.’ഇന്ത്യയില്‍ മാരകമായ കൊവിഡ് തരംഗം അടുക്കുമ്പോള്‍, രാഷ്ട്രീയം ശാസ്ത്രത്തെ മറികടക്കുന്നു’ എന്ന തലക്കെട്ടിലായിരുന്നു ന്യൂയോര്‍ക് ടൈംസില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

സര്‍ക്കാര്‍ ഗവേഷകരെയും രേഖകളെയും ഉദ്ധരിച്ച്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക്’ മുന്‍ഗണന നല്‍കാനും കൊറോണ വൈറസ് ഭീഷണിയെ നിസ്സാരവല്‍ക്കരിക്കാനും നിര്‍ബന്ധിതരായി എന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ ഇന്ത്യ നന്നായി പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ‘ഉയര്‍ത്തിയ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചതാണ്,ഒരുപക്ഷേ ഒരു പ്രാധാന്യവും അര്‍ഹിക്കുന്നില്ല,’ എന്നും അദ്ദേഹം അവകാശപ്പെട്ടു.

നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോളും ലേഖനത്തെ വിമര്‍ശിച്ചു, ഇത് യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുകയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണയ്ക്കുന്നതിനും നിയമസഭ തെരഞ്ഞെടുപ്പിന് ബി.ജെ.പിയുടെ പ്രചാരണം ആരംഭിക്കുന്നതിനുമുള്ള ഒരു പഠനത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ശാസ്ത്രജ്ഞര്‍ ഒരു പുതിയ കൊവിഡ് -19 പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കുറച്ചുകാണിച്ചെന്നുമാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടില് പറഞ്ഞത്.

രാജ്യത്ത് കൊവിഡ് ഒന്നാം തരംഗം 2020 സെപ്റ്റംബറോടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നും 2021 ഫെബ്രുവരിയോടെ സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നും ഐ.സി.എം.ആര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

No comments