Breaking News

'കുറുപ്പ്' 50 കോടി ക്ലബ്ബിൽ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദുൽഖർ; അതിവേഗ നേട്ടം


ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം കുറുപ്പ് 50 കോടി ക്ലബ്ബിൽ. ദുൽഖർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'ഇത് ഒരു വലിയ്യ്‌ കാര്യം തന്നെ. എനിക്കിത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല. ഉറക്കമില്ലാത്ത രാത്രികൾ, അനിശ്ചിതത്വത്തിന്റെയും ആശങ്കകളുടേയും എണ്ണമറ്റ നിമിഷങ്ങളും സമ്മർദ്ദവും എല്ലാം ഫലം കണ്ടു. എല്ലാവർക്കും നന്ദി. ഞങ്ങളെ ഇരു കൈയും നീട്ടി സ്വീകരിച്ചതിന് നന്ദി. ഇത് എന്റേത് മാത്രമല്ല മുഴുവൻ ടീമിന്റെയും വിജയമാണ്. കൂടുതൽ സിനിമകൾ തിയേറ്ററുകളിലേക്ക് എത്തട്ടെ', ദുൽഖർ കുറിച്ചു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

No comments