വിമാനത്താവളത്തില്‍ വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി യുവാവ്; പ്രതി കസ്റ്റഡിയില്‍
ബെംഗളൂരു: തമിഴ് നടന്‍ വിജയ് സേതുപതിയ്ക്ക്(Vijay Sethupathi) നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടി. ബെംഗളൂരു മലയാളിയായ ജോണ്‍സണ്‍ എന്നയാളാണ് താരത്തെ പുറകില്‍ നിന്ന് ആക്രമിച്ചത്. ബംഗളുരുവിലെ (Bengaluru) കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് സഹയാത്രികന്‍ വിജയ് സേതുപതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന് (Puneeth rajkumar) ആദരാജ്ഞലി അര്‍പ്പിക്കാനാണ് വിജയ് സേതുപതി കഴിഞ്ഞ ദിവസം രാത്രിയോടെ ബംഗളുരുവില്‍ എത്തിയത്. പിന്നാലെ ഓടിയെത്തിയ ഒരാള്‍ വിജയ് സേതുപതിയെ പിന്നില്‍നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
ഉടന്‍ തന്നെ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്നവരും പേര്‍ന്ന് കീഴടക്കി. ഇയാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോണ്‍സണ്‍ മദ്യപിച്ചിരുന്നു. കേസിന് താല്‍പ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചു. എന്നാല്‍ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി.
No comments