നാല് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം: മരണം തേടിയെത്തുമ്പോഴും തൊഴിലിടത്തില്‍; ഉറ്റവര്‍ക്ക് അറിയേണ്ടിയിരുന്നത് നോമിനിയെ മാത്രം, നെഞ്ച് തകര്‍ക്കുന്ന നോവ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി
കുടുംബത്തിന് വേണ്ടി ജീവിതത്തിലെ നല്ല പങ്കും അന്യനാട്ടില്‍ അധ്വാനിച്ച് കഷ്ടപ്പെടുന്നവരാണ് പ്രവാസികള്‍. അവരുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് തീരാ നഷ്ടമാണ്, ഏറെ വേദനിപ്പിക്കുന്നതുമാണ്.
എന്നാല്‍ അവരുടെ സമ്പാദ്യത്തില്‍ മാത്രം പ്രതീക്ഷിച്ചിരിക്കുന്നവരുമുണ്ട്, ജീവിതാവസാനം വരെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടിട്ടും, രവിയേട്ടന്റെ മരണവിവരമറിഞ്ഞ നാട്ടിലെ ബന്ധുക്കള്‍ക്ക് ആദ്യമറിയേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ നോമിനി ആരാണെന്നായിരുന്നു.
അഷ്‌റഫ് താമരശ്ശേരിയുടെ വാക്കുകള്‍:
40 വര്‍ഷം നീണ്ട പ്രവാസത്തിനിടക്ക് വിവാഹിതനാകാന്‍ പോലും മറന്നിരുന്നു രവിയേട്ടന്‍. അഞ്ചു സഹോദരിമാരുടെ വിവാഹവും ഒരു കിടപ്പാടവും നാട്ടിലെ ചെറിയ ചെറിയ ആവശ്യങ്ങളുമൊക്കെ പൂര്‍ത്തീകരിക്കാനുള്ള ഓട്ടത്തിനിടക്ക് നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. ഒടുവില്‍, മരണം രവിയേട്ടനെ തേടിയെത്തുമ്പോഴും വേണ്ടപ്പെട്ടവര്‍ക്കായി അദ്ദേഹം മരുഭൂമിയിലെ തൊഴിലിടത്തില്‍ തന്നെയായിരുന്നു.
കഴിഞ്ഞ ദിവസം അജ്മാനിലെ താമസസ്ഥലത്താണ് പാലക്കാട് സ്വദേശിയായ രവി മരിച്ചത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കണമെന്നത് രവിയേട്ടന്റെ ആഗ്രഹമായിരുന്നു. അങ്ങിനെയാണ് അഷ്‌റഫ് താമരശേരി നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുന്നത്.
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കയക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സേവന സന്നദ്ധതയോടെ ഇടപെടുന്ന അഷ്‌റഫ് താമരശേരിയുടെ നേതൃത്വത്തിലാണ് രവിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ കൈകൊണ്ടത്. അതിന്റെ ഭാഗമായാണ് അഷ്‌റഫ് താമരശേരി നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടത്.
കോവിഡോ മറ്റോ ബാധിച്ച് മരിച്ചതാണെങ്കില്‍ ഗള്‍ഫില്‍ തന്നെ സംസ്‌കരിക്കാനാണ് അവര്‍ ആവശ്യപ്പെട്ടതത്രെ. കോവിഡല്ലെന്നും നാട്ടില്‍ സംസ്‌കരിക്കണമെന്നത് രവിയേട്ടന്റെ വലിയ ആഗ്രഹമായിരുന്നെന്നും ബന്ധുക്കളെ അറിയിച്ചപ്പോള്‍ രവിയേട്ടന്റെ സമ്പാദ്യത്തിന്റെ നോമിനി ആരാണെന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നതെന്ന് അഷ്‌റഫ് താമരശേരി വേദനയോടെ പങ്കുവയ്ക്കുന്നു. കയ്‌പ്പേറിയ അനുഭവം ഓരോ പ്രവാസിക്കും പാഠമാകാനാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
No comments