Breaking News

ചരിത്ര നേട്ടം: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി നദാല്‍

 ചരിത്ര നേട്ടം: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി നദാല്‍



ടെന്നീസ് ലോകത്ത് ചരിത്രം കുറിച്ച് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍. ഗ്രാന്‍ഡ് സ്ലാം ചരിത്രത്തില്‍ 21 കിരീടം ചൂടി മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത നേട്ടത്തിലേക്ക് റാഫ നടന്നു കയറി. ഇന്നു നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വെദവിനെ തോല്‍പിച്ചാണ് റാഫ ചരിത്രം കുറിച്ചത്.

മെല്‍ബണില്‍ നാലു മണിക്കൂറും 48 മിനിറ്റും നീണ്ടു നിന്ന അഞ്ചു സെറ്റ് പോരാട്ടത്തില്‍ 2-6, 6-7, 6-4, 6-4, 7-5 എന്ന സ്‌കോറിനായിരുന്നു സ്പാനിഷ് വസന്തം വിരിഞ്ഞത്.

താരത്തിന്റെ കരിയറിലെ ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലായിരുന്നു ഇത്. നിലവില്‍ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്കൊപ്പം 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുമായാണ് ഇക്കുറി റാഫ ഓസ്‌ട്രേലിയന്‍ ഓപ്പണിന് എത്തിയത്. ഇരുവരുടെയും അഭാവത്തില്‍ മെല്‍ബണ്‍ കീഴടക്കി അവരെ പിന്തള്ളാനും റാഫയ്ക്കായി.

ഇതിനു മുമ്പ് 2009-ലാണ് നദാല്‍ അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്. ഇത്തവണത്തെ കിരീടം നേട്ടത്തോടെ നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും രണ്ട് തവണ വീതം നേടുന്ന നാലാമത്തെ പുരുഷ താരമെന്ന നേട്ടവും നദാലിന് സ്വന്തമായി. ജോക്കോവിച്ച്, റോഡ് ലാവര്‍, റോയ് എമേഴ്‌സണ്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയവര്‍ മുന്‍ഗാമികള്‍. കൂടാതെ ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ ആദ്യ രണ്ടു സെറ്റുകളും നഷ്ടപ്പെട്ട ശേഷം കിരീടം നേടുന്ന ആദ്യ താരമെന്ന റെക്കോഡും നദാലിനെ തേടിയെത്തി.

തോറ്റെങ്കിലും ഇതിഹാസ താരത്തിനു മുന്നില്‍ അസാമാന്യ പോരാട്ടവീര്യം കാണിച്ചാണ് മെദ്‌വെദവ് കീഴടങ്ങിയത്. 25കാരനായ മെദ്വദെവിന്റെ നാലാം ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലും.

വെള്ളിയാഴ്ച നടന്ന സെമിയില്‍ നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് മെദ്വദെവിന്റെ ഫൈനല്‍ പ്രവേശനം. 7-6 (5), 4-6, 6-4, 6-1 എന്ന സ്‌കോറിനായിരുന്നു ജയം. അതേസമയം ഇറ്റലിയുടെ ഏഴാം സീഡ് മാത്തിയോ ബെരെറ്റിനിയെ നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ തകര്‍ത്താണ് നദാല്‍ കലാശപ്പോരിന് എത്തിയത്. ഇന്നു കിരീടം നേടാനായിരുന്നേല്‍ ഓപ്പണ്‍ കാലഘട്ടത്തില്‍ കന്നി ഗ്രാന്‍ഡ്സ്ലാം വിജയിച്ച ശേഷം തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്സ്ലാമും ജയിക്കുന്ന ആദ്യ താരമെന്ന നേട്ടം റഷ്യന്‍ താരത്തിനു സ്വന്തമായേനെ.

No comments