Breaking News

ലോകായുക്തയുടെ പല്ലും നഖവും ഒടിക്കുന്നു; ഓഡിനൻസിൽ ​ഗവർണർ ഒപ്പുവെക്കരുത്, നിവേദനം നൽകി പ്രതിപക്ഷം

 ലോകായുക്തയുടെ പല്ലും നഖവും ഒടിക്കുന്നു; ഓഡിനൻസിൽ ​ഗവർണർ ഒപ്പുവെക്കരുത്, നിവേദനം നൽകി പ്രതിപക്ഷം



സംസ്ഥാന സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമ ഭേ​ദ​ഗതി ഓർഡിനൻസിൽ ഒപ്പു വെക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ​ഗവർണർക്ക് നിവേദനം നൽകി. ലോകായുക്തയുടെ അന്തസത്ത തന്നെ ഇല്ലാതാക്കുന്നതാണ് ഓർഡിൻസെന്ന് പ്രതിപക്ഷം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഒർഡിനൻസ് കൊണ്ടുവന്നത് ലോകായുക്തയുടെ പല്ലും നഖവും ഒടിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു.

ഭരണഘടനാ വിരുദ്ധമായ നീക്കമാണ് സർക്കാരിന്റെതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഓർഡിനൻസുമായി ബന്ധപ്പെട്ട് നേരത്തെ ഗവർണർക്ക് കത്തയച്ചിരുന്നു. കത്ത് കൂടാതെ നിയമപരമായ കാര്യങ്ങൾ പരിഗണിച്ച് ഒപ്പ് വയ്ക്കരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. 22 വർഷത്തിന് ശേഷം ലോകായുക്ത നിയമവിരുദ്ധമെന്ന് പറയുന്നത് ശരിയല്ല. ഇത് പരിശോധിക്കാനുള്ള അവകാശം കോടതിക്ക് മാത്രമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ലോകായുക്ത നിയമത്തെ പ്രശംസിച്ചിരുന്ന മുഖ്യമന്ത്രി സർക്കാരിനെതിരായ കേസ് നിലനിൽക്കുന്നതു കൊണ്ടാണ് നിയമ ഭേദ​ഗതിയുമായി വരുന്നതെന്നും പ്രതിപക്ഷം നേതാവ് ആരോപിച്ചു. ഓർഡിനൻസിലൂടെ ഇകെ നായനാരെയും അന്നത്തെ നിയമമന്ത്രി ചന്ദ്രശേഖരനെയും അപമാനിക്കുന്ന തീരുമാനമാണ് സർക്കാരിന്റെ ഭാ​ഗത്തുനിന്നുണ്ടായത്. സർക്കാരിൻ്റെ വാദമുഖങ്ങൾ ദുർബലമാണെന്നും കെടി ജലീലിൻ്റെ കാര്യത്തിൽ ഭരണഘടനാ വിരുദ്ധമെന്ന് പറയാത്തത് ഇപ്പോൾ വിരുദ്ധമെന്ന് പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

നിയമവശങ്ങൾ വിശദമായി പരിശോധിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായും വിഡി സതീശൻ പറ‍ഞ്ഞു. മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനും എതിരെ ലോകായുക്തയിൽ പരാതികൾ നിലനിൽക്കുന്ന കാര്യവും പ്രതിപക്ഷ സംഘം ഗവർണറെ ധരിപ്പിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘമാണ് ഗവർണറെ കണ്ടത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്ക് പുറമെ ഘടകകക്ഷി നേതാക്കളും സംഘത്തിൽ ഉണ്ടായിരുന്നു. ഭേദ​ഗതിയിലൂടെ അപ്പീൽ അധികാരം സർക്കാരിലേക്ക് വരുന്നതിന്റെ അപ്രായോഗികതയും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

അതേസമയം ഓർഡിനൻസിൽ ഗവർണർ ഉടൻ ഒപ്പ് വെക്കിലെന്നാണ് സൂചന. സർക്കാർ കൈമാറിയ ഓർഡിനൻസ് ഗവർണർ പരിശോധിച്ചിട്ടുണ്ട്. എന്നാൽ നിയമോപദേശം തേടിയ ശേഷമാകും വിഷയത്തിൽ ഗവർണർ തീരുമാനം എടുക്കുക. സർക്കാരിനോട് കൂടുതൽ വിശദീകരണം ആവശ്യപ്പെടാനും സാധ്യതയുണ്ട്.

നിയമസഭാ സമ്മേളനം അടുത്തിരിക്കെ ഗവർണർ തിരക്കിട്ട് തീരുമാനം എടുക്കില്ലെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ സർക്കാരിന് നിയമഭേദഗതി ബില്ലായി സഭയിൽ അവതരിപ്പിക്കേണ്ടി വരും. ഗവർണർ ഒപ്പിടാതെ മടക്കിയാൽ സർക്കാരിന് വീണ്ടും ഗവർണറെ സമീപിക്കുകയും ഓർഡിനൻസിൽ അംഗീകാരം നേടിയെടുക്കാൻ സാധിക്കുകയും ചെയ്യും. വിഷയത്തിൽ നിയമസഭാസമ്മേളനം വരെ ഗവർണർ തീരുമാനം വൈകിപ്പിക്കുമോ എന്നതാണ് ഇനി നിർണായകം.

No comments