Breaking News

കാമറൂണിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്ക് കാണികള്‍ ഇരച്ചുകയറി : തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം

 കാമറൂണിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്ക് കാണികള്‍ ഇരച്ചുകയറി : തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം



യവുണ്ടേ : ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് മത്സരത്തിന് മുന്നേ കാമറൂണ്‍ സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ മരിച്ചു. യവുണ്ടേയിലെ ഒലംബ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.

സ്റ്റേഡിയത്തിന്റെ തെക്കന്‍ പ്രവേശന കവാടത്തിലൂടെ നിരവധി പേര്‍ ഇരച്ചു കയറിയതാണ് അപകടമുണ്ടാക്കിയത്. അറുപതിനായിരം പേര്‍ക്കിരിക്കാവുന്ന സ്‌റ്റേഡിയത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം 80ശതമാനത്തിലധികം പേര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍ മത്സരം തുടങ്ങുന്നതിന് മുന്നോടിയായി ആളുകള്‍ സ്‌റ്റേഡിയത്തിലേക്ക് കൂട്ടമായെത്തുകയായിരുന്നു. അമ്പതിനായിരത്തിനടുത്ത് ആളുകള്‍ മത്സരം കാണാനെത്തിയിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും റോഡിലെ തിരക്ക് മൂലം ഉടന്‍ എത്തിക്കാനായില്ല. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നേഷന്‍സ് കപ്പ് കാമറൂണിലെത്തുന്നത്. ഇതുകൊണ്ട് തന്നെ ഏത് വിധേനയും മത്സരം കാണാന്‍ ആളുകള്‍ കൂട്ടമായി എത്തുകയായിരുന്നു. മത്സരം തുടങ്ങുന്നതിന് 30 മിനിറ്റ് മുമ്പാണ് എന്നതിനാല്‍ സ്റ്റേഡിയത്തിന്റെ ഒരു ഗേറ്റ് മാത്രമാണ് തുറന്നിരുന്നത്. ഇതാണ് തിക്കും തിരക്കും വര്‍ധിപ്പിക്കാനുണ്ടായ കാരണം.

പാസ്സ് ഉള്ളവരും ഇല്ലാത്തവരുമടക്കം സ്റ്റേഡിയത്തിന് പുറത്ത് കൂട്ടം കൂടി നില്‍ക്കുകയായിരുന്നു. സ്റ്റേഡിയത്തിനുള്ളിലേക്ക് കയറുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് നിബന്ധനയുണ്ടായിരുന്നുവെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടിരുന്നില്ലെന്നാണ് അറിയുന്നത്.

No comments