Breaking News

യുക്രൈന്‍ വ്യോമാതിര്‍ത്തി അടച്ചു; യാത്രക്കാരില്ലാതെ എയര്‍ ഇന്ത്യ മടങ്ങി

 യുക്രൈന്‍ വ്യോമാതിര്‍ത്തി അടച്ചു; യാത്രക്കാരില്ലാതെ എയര്‍ ഇന്ത്യ മടങ്ങി

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യുക്രൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് മടങ്ങുന്നു. റഷ്യന്‍ സൈനിക നീക്കത്തിന്റെ ഭാഗമായിതങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചതായി യുക്രൈന്‍ അറിയിച്ചതിന് പിന്നാലെയാണ് മടക്കം. ഡല്‍ഹിയില്‍ നിന്നും യുക്രൈന്‍ തലസ്ഥാനമായ കീവ്‌ലേക്ക് പുറപ്പെട്ട എഐ 1947 വിമാനമാണ് യാത്രക്കാരില്ലാതെ ഡല്‍ഹിയിലേക്ക് മടങ്ങിയത്.

യുക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഈ ആഴ്ച മൂന്ന് പ്രത്യേക വിമാനങ്ങള്‍ എയര്‍ലൈന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു.9.15 ഓടെ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്. സാധാരണഗതിയില്‍, പുറപ്പെടുന്നതിന് ശേഷം അത്തരം അറിയിപ്പ് നല്‍കിയാല്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ പ്രത്യേക അനുമതി വാങ്ങുകയോ ആണ് ചെയ്യാറ്.

അതേസമയം ഇന്ന് 7.45 ഓടെ 182 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുക്രൈന്‍ ഇന്റര്‍നാഷണന്‍ എയര്‍ലൈന്‍സ് കിവ്ല്‍ നിന്നും ഡല്‍ഹിയില്‍ എത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന യാത്രക്കാരാണ് ഡല്‍ഹിയിലെത്തിയത്.

കൊവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ യുക്രൈനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കിയിരുന്നു. യുക്രൈനില്‍ നിന്നും താത്കാലികമായി രാജ്യം വിടാന്‍ ഇന്ത്യന്‍ പൗരന്മാരോട് ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയത്.

യുക്രൈനിലെ ദോന്‍ബാസ് മേഖലയിലേക്കാണ് സൈനിക നടപടികള്‍ക്ക് പുടിന്‍ ഉത്തരവിട്ടിരിക്കുന്നത്. യുക്രൈന്‍ ആയുധങ്ങള്‍ താഴെ വെച്ച് കീഴടങ്ങണമെന്ന് പുടിന്‍ ആവശ്യപ്പെട്ടു. രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ യുക്രൈനായിരിക്കും അതിനുത്തരാവാദിയെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. നീക്കത്തിനെതിരെ ഇടപെടുന്നവര്‍ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും പുടിന്‍ വ്യക്തമാക്കി.

റഷ്യന്‍ പ്രകോപനത്തെ തങ്ങള്‍ ശക്തമായി പ്രതിരോധിക്കുമെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കി നേരത്തെ വ്യക്തമാക്കിയത്. റഷ്യയുടെ അധിനിവേശ ശ്രമം യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ വന്‍ യുദ്ധത്തിന് വഴിയൊരുക്കുമെന്നും യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.റഷ്യന്‍ നീക്കങ്ങള്‍ക്കെതിരെ യുക്രൈന്‍ യുഎന്‍ സുരക്ഷാ സമിതിയുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.യുക്രൈനെതിരായ നീക്കങ്ങളില്‍ നിന്ന് റഷ്യ പിന്‍മാറണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് യുഎന്‍ സുരക്ഷാ സമിതിയുടെ അടിയന്തര യോഗത്തില്‍ ആവശ്യപ്പെട്ടു. റഷ്യക്കെതിരെ അമേരിക്കയും ബ്രിട്ടനുമടക്കം പുതിയ ഉപോരധങ്ങള്‍ ഏര്‍പ്പെടുത്തവെയാണ് പുടിന്റെ നീക്കം.

ഇതിനിടെ യുദ്ധ സാധ്യത മുന്നില്‍ കണ്ട് യുക്രൈനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. യുക്രൈന്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ഒലെക്‌സി ഡാനിലോവാണ് കാര്യം അറിയിച്ചത്. റഷ്യയില്‍ നിന്നുള്ള ആക്രമണ സാധ്യതയെക്കുറിച്ച് വാഷിങ്ടണ്‍ ശക്തമായ മുന്നറിയിപ്പ് അറിയിച്ച സാഹചര്യത്തിലായിരുന്നു നടപടി. കിഴക്കന്‍ വിഘടനവാദ മേഖലകള്‍ ഒഴികെ ഉക്രെയ്‌നിന്റെ എല്ലാ ഭാഗങ്ങളിലും അടിയന്തരാവസ്ഥ ബാധകമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ശനമായ വാഹന പരിശോധനയും പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

No comments