Breaking News

ഡി കമ്പനിയുമായി ബന്ധമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് അറസ്റ്റിൽ

 ഡി കമ്പനിയുമായി ബന്ധമെന്ന് 

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് അറസ്റ്റിൽ 

എൻസിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമാണ് നവാബ് മാലിക്

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. എൻസിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമാണ് നവാബ് മാലിക്. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉൾപ്പെട്ട കള്ളപ്പണ കേസിലാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി.

1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതികളുമായി മന്ത്രി നവാബ് മാലിക്കിന് ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുമ്പ് ആരോപിച്ചിരുന്നു. ഇതിനുളള രേഖകൾ തന്റെ കയ്യിലുണ്ട്. പൊലീസിനോ എൻഐക്കോ താൻ തെളിവുകൾ നൽകാമെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു. ''അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറുടെ ബിനാമിയായ സലീം പട്ടേൽ, മുംബൈ സ്ഫോടനക്കേസിലെ പ്രതി ബാദുഷാ ഖാൻ എന്നിവരിൽ നിന്ന് 2005 ൽ നവാബ് മാലിക് കുർളയിൽ 2.8 ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്. ഇത് സോളിഡസ് പ്രൈമറ്റ് ലിമിറ്റിഡിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് നവാബ് മാലിക്കിന്റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനിയാണ്. കമ്പനിയിൽ നിന്ന് രാജിവെച്ച ശേഷമാണ് നവാബ് മാലിക് മന്ത്രിയാവുന്നത്''. ഫഡ്നാവിസ് പറഞ്ഞു.

സലീം പട്ടേലിനെ നവാബ് മാലിക്കിന് അറിയാമായിരുന്നു. എന്നിട്ടും ഭൂമി വാങ്ങി. നവാബ് മാലികിന് അധോലോകവുമായി ബന്ധമുണ്ട്. ഇത്തരത്തിൽ നാല് ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതെല്ലാം അടങ്ങുന്ന രേഖ തന്റെ കയ്യിലുണ്ട്. അധികൃതർക്ക് വിവരങ്ങൾ കൈമാറും. പാർട്ടി അധ്യക്ഷൻ ശരദ് പവാറിനും വിവരങ്ങൾ നൽകുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. ഫഡ്‌നാവിസിന് മയക്കുമരുന്ന് വിൽപ്പനക്കാരുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞയാഴ്ച നവാബ് മാലിക് ഉന്നയിച്ചിരുന്നു. മയക്കുമരുന്ന് കേസ് പ്രതിയോടപ്പം ഫഡ്‌നാവിസ് നിൽക്കുന്ന ഫോട്ടോയും നവാബ് മാലിക് പുറത്തുവിട്ടിരുന്നു. എന്നാൽ നവാബ് മാലിക്കിനാണ് അധോലോക ബന്ധമെന്നും താൻ ഇത് തുറന്ന് കാട്ടുമെന്നും ഫഡ്‌നാവിസ് തിരിച്ചടിച്ചിരുന്നു. അതാണ് നവാബ് മാലിക്കിനെതിരെ ആരോപണവുമായി ഫഡ്‌നാവിസ് രംഗത്തെത്തിയത്.

ബിജെപിക്കും കേന്ദ്രസർക്കാറിനും തലവേദനയാകുന്ന തരത്തിൽ മഹാരാഷ്ട്രയിൽ ഇടപെടലുകൾ നടത്തുന്ന നേതാവാണ് നവാബ് മാലിക്. മഹാരാഷ്ട്രയിൽ അധികാരത്തിൽ തിരിച്ചെത്താമെന്നത് ബിജെപിയുടെ സ്വപ്നം മാത്രമാണെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. മഹാ വികാസ് അഘാഡി സഖ്യം അഞ്ച് വർഷമല്ല, 25 വർഷത്തേക്കാണ്. ഫഡ്‌നാവിസിന്റെ പ്രവചനവും ചന്ദ്രകാന്ത് പാട്ടീലിന്റെ സ്വപ്നവും പോലെ നാരയൺ റാണയുടെ പ്രാർത്ഥനയും പരാജയപ്പെടുമെന്നും എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് പറഞ്ഞു. അടുത്ത വർഷം മാർച്ചോടെ മഹാരാഷ്ട്ര ഭരണം ബിജെപി പിടിക്കുമെന്ന് കേന്ദ്രമന്ത്രി നാരയൺ റാണയുടെ പ്രസ്താവനയോട് പ്രതികരിച്ചായിരുന്നു പ്രസ്താവന. ആദ്യം സർക്കാരിന്റെ തകർച്ച പ്രവചിക്കാനുള്ള ഉത്തരവാദിത്തം ദേവേന്ദ്ര ഫഡ്‌നാവിസിനായിരുന്നു. തുടർന്ന് ചന്ദ്രകാന്ത് പാട്ടീൽ ഉത്തരവാദിത്തം ഏറ്റെടുത്തു. അവരുടെ പ്രവചനങ്ങളൊന്നും സത്യമായില്ല. ഇപ്പോൾ നാരായൺ റാണയ്ക്കാണ് ആ ജോലിയന്നും നവാബ് മാലിക് പരിഹസിച്ചു. മഹാ വികാസ് അഘാഡി സഖ്യത്തിൽ വിള്ളലുണ്ടെന്ന വാർത്തകളും അദ്ദേഹം തള്ളി.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നിലവിലെ സർക്കാരിനെ തകർക്കുമെന്നും കാര്യങ്ങൾ രഹസ്യമാണെന്നുമായിരുന്നു റാണ ജയ്പൂരിൽ പറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷമായി ഇത്തരം പ്രവചനങ്ങൾ കേൾക്കുന്നുണ്ടെന്നായിരുന്നു നാരയൺ റാണയുടെ പ്രസ്താവനയോട് കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയുടെ പ്രതികരണം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ അടിക്കണമെന്ന് പരസ്യമായി പറഞ്ഞതിന് നാരയൺ റാണയെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചതെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പിരിയുകയായിരുന്നു. ശിവസേനയും എൻസിപിയും കോൺഗ്രസും ഒരുമിച്ച സഖ്യം ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു.

No comments