ആരോഗ്യം അവനവൻ നോക്കുക, ഇനി നിയന്ത്രണങ്ങളില്ല; കൊവിഡിനു മുമ്പത്തെ കാലത്തേക്ക് ഡെൻമാർക്ക്
ആരോഗ്യം അവനവൻ നോക്കുക, ഇനി നിയന്ത്രണങ്ങളില്ല; കൊവിഡിനു മുമ്പത്തെ കാലത്തേക്ക് ഡെൻമാർക്ക്
കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ച് ഡെൻമാർക്ക്. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഡെൻമാർക്ക്. അതേസമയം രാജ്യത്ത് ഇപ്പോഴും കൊവിഡ് കേസുകൾ കൂടുതലാണ്. നിലവിൽ 40000 മുതൽ 50000 വരെ കൊവിഡ് കേസുകളാണ് ഡെൻമാർക്കിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ഒമിക്രോൺ വകഭേദവും വ്യാപിക്കുന്നുണ്ട്. എന്നാൽ കൊവിഡിന്റെ പേരിൽ ഇനിയും നിയന്ത്രണങ്ങൾ നിലനിർത്തുന്നതിൽ കാര്യമില്ലെന്ന നിലപാടിലാണ് ഡെൻമാർക്ക് സർക്കാർ.
മാസ്ക് ധരിക്കൽ, കടകളും മറ്റും തുറന്നു പ്രവർത്തിക്കുന്നതിനുള്ള സമയ പരിധി, കൊവിഡ് പാസുകൾ തുടങ്ങി എല്ലാ നിയന്ത്രണങ്ങളും ഡെൻമാർക്ക് സർക്കാർ എടുത്തു കളഞ്ഞു. നിയന്ത്രണങ്ങളൊന്നുമില്ലാതെ കൊവിഡിനു മുമ്പുള്ള ആഘോഷ ജീവിതത്തിലേക്ക് വീണ്ടും കടക്കുകയാണ് ഡെൻമാർക്ക് ജനത. അതേസമയം വാക്സിനെടുക്കാത്ത അയൽരാജ്യങ്ങൾക്ക് പുറത്തുനിന്നുള്ളവർക്ക് അതിർത്തികളിൽ ചില നിയന്ത്രണങ്ങളുണ്ടാവും. ആശുപത്രി സന്ദർശത്തിന് കൊവിഡ് പാസും മാസ്കും ആവശ്യമാണ്.
ഒമിക്രോൺ വകഭേദം ശരീരത്തെ തീവ്രമായി ബാധിക്കില്ലെന്ന അനുമാനമാണ് ഡെൻമാർക്കിന്റെ തീരുമാനത്തിനു പിന്നിലെ ഒരു കാരണം. ഒമിക്രോൺ വ്യാപകമായി വ്യാപിക്കുന്നത് ജനങ്ങളിൽ സ്വാഭാവിത പ്രതിരോധ ശേഷി നൽകുന്നു. ഇതിനു പുറമെ വാക്സിനേഷനും കൂടി കാര്യക്ഷമമായി നടക്കുന്നതിനാൽ കൊവിഡിന് വലിയ രീതിയിൽ ജനജീവിതത്തെ ബാധിക്കില്ലെന്നാണ് ഡെൻമാർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു കൂട്ടൽ.
60 ശതമാനം ഡെൻമാർക്ക് ജനങ്ങളും ഇതിനകം കൊവിഡ് വാക്സിൻ സ്വീകരിച്ചു. ഇതിനു പുറമെ അടുത്ത കാലത്ത് കൊവിഡ് വന്നവരുടെ കണക്കു കൂടി എടുക്കുമ്പോൾ ജനസംഖ്യയുടെ 80 ശതമാനവും കൊവിഡിനെതിരെ പ്രതിരോധ ശേഷിയാർജിച്ചെന്നാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധർ പറയുന്നത്.
കൊവിഡില്‍ അവനവന്റെ ആരോഗ്യം അവനവന്‍ നോക്കുക എന്ന നിലപാടാണ് ഡെന്‍മാര്‍ക്ക് സര്‍ക്കാരിനിപ്പോള്‍. 'ജീവശാസ്ത്രത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു ഉറപ്പും നല്‍കാന്‍ കഴിയില്ല,' ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ഫ്രെറിക്‌സണ്‍ പറഞ്ഞു.
ഡെൻമാർക്കിൽ കൊവിഡ് പോസിറ്റീവാവുന്നവർ ഇനി മുതൽ നാല് ദിവസം ക്വാറന്റീനിൽ കഴിഞ്ഞാൽ മതി. ഇവരുമായി ഇടപഴകിയവർ ക്വാറന്റീനിൽ ഇരിക്കുകയും വേണ്ട. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും നവംബറിലുമായി ഡെന്‍മാര്‍ക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം വന്നതോടെ ഇത് തുടരാനായില്ല.
No comments