Breaking News

ഹൂതി തീവ്രവാദികൾക്ക് പിന്തുണ; ഒരു വ്യക്തിക്കെതിരേയും അ‍ഞ്ച് സ്ഥാപനങ്ങൾക്കെതിരേയും നടപടി സ്വീകരിച്ച് യുഎഇ

 ഹൂതി തീവ്രവാദികൾക്ക് പിന്തുണ; ഒരു വ്യക്തിക്കെതിരേയും അ‍ഞ്ച് സ്ഥാപനങ്ങൾക്കെതിരേയും നടപടി സ്വീകരിച്ച് യുഎഇ


യെമനിലെ ഹൂതി തീവ്രവാദികൾക്ക് പിന്തുണ നൽകിയതിന് അഞ്ച് സ്ഥാപനങ്ങൾക്കെതിരേയും ഒരു വ്യക്തിക്കെതിരേയും നടപടി സ്വീകരിച്ച് യുഎഇ. ഹൂതികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തടയുന്നതിന്റെ ഭാ​ഗമായാണ് പുതിയ നീക്കമെന്ന് യുഎഇ ന്യൂസ് ഏജൻസി വാം റിപ്പോർട്ട് ചെയ്തു.

യുഎഇ, സ്വീഡൻ അടിസ്ഥാനമായി വ്യാപാരം നടത്തുന്ന അബ്ദോ അബ്ദുളള ദായേൽ അഹ്മദിനേയാണ് ഹൂതികളുമായി ബന്ധം സ്ഥാപിച്ചെന്ന് പറഞ്ഞ് നടപടിക്ക് വിധേയമാക്കിയത്. ഇയാളുടെ സ്ഥാപനമായ മോവാസ് അബ്ദുളള ദായേൽ‌ ഇറക്കുമതി-കയറ്റുമതി കമ്പനിക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ വിനിമയത്തിനും പണമിടപാടിനുമുളള അൽ അലമിയ എക്സ്പ്രസ് കമ്പനി, അൽ-ഹദ എക്സ്ചേഞ്ച് കമ്പനി, പെരിഡോട്ട് ഷിപ്പിംഗ് ആന്റ് ട്രേഡിംഗ് എൽഎൽസി, വെസൽ: ത്രീ ബൾക് കാരിയർ എന്നീ കമ്പനികൾക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഹൂതികളെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും ലിസ്റ്റ് യുഎഇ മന്ത്രിസഭ പുറത്തുവിട്ടു. ഹൂതികളുമായി സാമ്പത്തിക, വാണിജ്യ ബന്ധം പുലർത്തുന്നവരുടെ ലിസ്റ്റ് തയ്യാറാക്കാൻ എല്ലാ അതോറിറ്റികൾക്കും നിർദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറിനുളളിൽ ഇവരുടെ ആസ്തി കണ്ടെത്തി മരവിപ്പിക്കാനും മന്ത്രിസഭ നിർദേശം നൽകിയിട്ടുണ്ട്.

ജനുവരി 17 ന് അബുദാബിയിലെ അഡ്നോക് എണ്ണ സംഭരണശാലകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

No comments