54 രാജ്യങ്ങളില്‍ നിന്ന് എണ്ണൂറിലധികം ബ്രാന്‍ഡുകള്‍; ഏറ്റവും വലിയ ബോട്ട് ഷോയ്ക്ക് ദുബായില്‍ തുടക്കമായി, ശ്രദ്ധേയമായി മലയാളി സന്നിധ്യം
54 രാജ്യങ്ങളില്‍ നിന്ന് എണ്ണൂറിലധികം ബ്രാന്‍ഡുകള്‍; ഏറ്റവും വലിയ ബോട്ട് ഷോയ്ക്ക് ദുബായില്‍ തുടക്കമായി, ശ്രദ്ധേയമായി മലയാളി സന്നിധ്യം
ദുബായ്: 54 രാജ്യങ്ങളില്‍ നിന്ന് എണ്ണൂറിലധികം ബ്രാന്‍ഡുകളുമായി ദുബായ് ബോട്ട് ഷോയ്ക്ക് തുടക്കമായി. മധ്യപൂര്‍വ ദേശത്തെയും വടക്കന്‍ ആഫ്രിക്ക ഉള്‍പ്പെട്ട മേന മേഖലയിലെയും ഏറ്റവും വലിയ ബോട്ട് ഷോയാണ് ദുബായില്‍ നടക്കുന്നത്.
ദുബായ് ഹാര്‍ബറിലാണ് 13 വരെ നീളുന്ന ബോട്ട് ഷോ അരങ്ങേറുന്നത്. കോവിഡിനു ശേഷം സാധാരണനിലയിലേക്ക് ദുബായ് തിരിച്ചുവരുന്നതിന്റെ പ്രഖ്യാപനം കൂടിയായി വിപുലമായ രീതിയിലാണ് പ്രദര്‍ശനം.
ലോകത്തെ വമ്പന്‍ യോട്ട് നിര്‍മാതാക്കളായ ഫെഡ്ഷിപ്, ഫെറെട്ടി, പ്രിന്‍സസ്, ക്രാഞ്ചി, അസിമട്, യുഎഇയുടെ ഗള്‍ഫ് ക്രാഫ്റ്റ്, സാന്‍ ലൊറെന്‍സോ തുടങ്ങിയ കമ്പനികള്‍ പങ്കെടുക്കും. ചെറു യോട്ടുകള്‍ മുതല്‍ ശതകോടികള്‍ വിലയുള്ള വന്‍ യോട്ടുകള്‍ വരെ പ്രദര്‍ശത്തിലുണ്ട്.
18 ക്യാബിനുകളുള്ള കൂറ്റന്‍ യോട്ടുകളും സോളറില്‍ പ്രവര്‍ത്തിക്കുന്ന ഇടത്തരം യോട്ടുകളുമെല്ലാം ഇവയിലുണ്ട്. ഇതിനൊപ്പം കടല്‍ജീവിതവുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനവേദി കൂടിയാണിവിടം. 54 രാജ്യങ്ങളില്‍ നിന്നുള്ള എണ്ണൂറിലധികം ബ്രാന്‍ഡുകളാണ് അണിനിരക്കുന്നത്.
പുതിയതായി വന്‍ യോട്ടുകളടക്കം 35 ഉത്പന്നങ്ങളുടെ ഉദ്ഘാടനവും നടക്കും. കടലിനടിയില്‍ 300 മീറ്ററിലേറെ ആഴത്തില്‍പോയി ആറു മണിക്കൂറിലേറെ ചിത്രീകരണം നടത്താവുന്ന ക്യാമറകളും കിലോമീറ്ററുകളോളം ദൂരത്തില്‍ പ്രകാശം വീഴ്ത്താന്‍ കഴിവുള്ള ലൈറ്റുകളുമെല്ലാം ഇതിലുണ്ട്.
മീന്‍പിടിത്ത മത്സരങ്ങള്‍ പോലുള്ളവയും ഇതിനൊപ്പം സംഘടിപ്പിക്കും. ജലയാന നിര്‍മാതാക്കള്‍, കപ്പലുടമകള്‍, സാങ്കേതികവിദഗ്ധര്‍, കമ്പനികള്‍ തുടങ്ങിയവയുടെ സംഗമവേദി കൂടിയാണ് ബോട്ട് ഷോ.
No comments