യുഎഇയിലെ ട്രാഫിക് പിഴ അടക്കാന്‍ പലിശരഹിത വായ്പയുമായി 5 ബാങ്കുകള്‍
യുഎഇയിലെ ട്രാഫിക് പിഴ അടക്കാന്‍ പലിശരഹിത വായ്പയുമായി 5 ബാങ്കുകള്‍
അബുദാബി: ഗതാഗത നിയമലംഘനങ്ങളിലൂടെ വലിയ തുക പിഴ അടയ്ക്കാനുള്ളവര്‍ക്ക് സഹായവുമായി രാജ്യത്തെ അഞ്ച് ബാങ്കുകള്‍ രംഗത്ത്. പലിശരഹിത തവണകളായി അടയ്ക്കാനാവുന്ന അവസരമാണ് ഒരുക്കുന്നത്. അബുദാബി പൊലീസും അഞ്ച് ബാങ്കുകളും ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പിഴയടയ്ക്കാത്തതിന്റെ പേരില്‍ വാഹനം പിടിച്ചെടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയെന്നതാണ് ഈ സൗകര്യത്തിലൂടെ അബുദാബി പൊലീസ് ലക്ഷ്യം വെക്കുന്നത്.
അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മശ്‌റഖ് അല്‍ ഇസ്‌ലാമി, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് എന്നീ സ്ഥാപനങ്ങളാണ് വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമായ തവണ വ്യവസ്ഥകളില്‍ പിഴ അടയ്ക്കാനുള്ള സൗകര്യം ഒരുക്കാനായി തയ്യാറാവുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെങ്കില്‍ പിഴ ലഭിച്ച ഡ്രൈവര്‍ക്ക് ഈ ബാങ്കുകളില്‍ ഏതെങ്കിലും നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം. പിഴ ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുകയും വേണം. ശേഷം പിഴത്തുക തവണകളായി അടയ്ക്കാനുള്ള അപേക്ഷ നല്‍കാം
ഈ സംവിധാനത്തിലൂടെ അബുദാബി പൊലീസിന്റെ സര്‍വീസ് സെന്ററുകള്‍ വഴിയോ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പോലുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴിയോ പിഴ അടയ്ക്കാനാവും. പ്രത്യേക പലിശ നല്‍കാതെ ഒരു വര്‍ഷം വരെയുള്ള തവണകളാക്കി പിഴത്തുകയെ മാറ്റാനാവും.ആദ്യത്തെ രണ്ട് മാസത്തിനുള്ളില്‍ തന്നെ പിഴ അടച്ചാല്‍ തുകയില്‍ 35 ശതമാനവും ഒരു വര്‍ഷത്തിനകം അടയ്ക്കുന്നവര്‍ക്ക് 25 ശതമാനം ഇളവും അനുവദിക്കുന്നുണ്ട്. 2020ലെ ട്രാഫിക് നിയമം - 5 പ്രകാരം, അബുദാബിയില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക 7000 ദിര്‍ഹത്തിലധികമായാല്‍ അധികൃതര്‍ വാഹനം പിടിച്ചെടുക്കേണ്ടി വരും. നിലവിലെ ട്രാഫിക് ഫൈനുകളും ഇളവുകളും നിയമവും ഇത്തരത്തിലായതിനാല്‍ ഒട്ടനവധി വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമാവുന്ന ഈ പദ്ധതി പ്രയോജനപ്പെടുത്തണമെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം.

No comments