Breaking News

ലിവർപൂൾ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ; 'കണക്കുതീർക്കാനുണ്ട്', റയൽ മാഡ്രിഡ് വരട്ടെയെന്ന് സലാ

 ലിവർപൂൾ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ; 'കണക്കുതീർക്കാനുണ്ട്', റയൽ മാഡ്രിഡ് വരട്ടെയെന്ന് സലാ




ലിവര്‍പൂള്‍ എഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. സെമിയിലെ ഇരു പാദങ്ങളിലുമായി വിയ്യാറലിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ഫൈനലില്‍ ഇടം നേടിയത്. ഇന്ന് പുലര്‍ച്ചെ നടന്ന രണ്ടാം പാദത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച ക്ലോപ്പിന്റെ കുട്ടികള്‍ക്ക് ഇത് 2019ന് ശേഷമുള്ള ആദ്യത്തെ ഫൈനലാണ്. ക്ലോപ്പിന്റെ കീഴില്‍ കളിച്ച അഞ്ച് സീസണില്‍ മൂന്ന് തവണയും ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയിട്ടുണ്ട്.

ആദ്യപാദ സെമിയില്‍ വിയ്യാറലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ഇന്നലെ കളത്തിലിറങ്ങിയത്. എന്നാല്‍ ക്ലോപ്പിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച ആദ്യ പകുതിയില്‍ രണ്ടു തവണ വിയ്യാറല്‍ റെഡ്‌സിന്റെ വലകുലുക്കി. മൂന്നാം മിനിറ്റില്‍ സെനഗല്‍ താരം ബോള ഡിയ മനോഹരമായ ഫിനിഷിലൂടെ ഗോളാക്കി, അപ്രതീക്ഷിത ഗോള്‍ വീണതോടെ ലിവര്‍പൂള്‍ പരുങ്ങലിലായി. ആദ്യ പകുതിയില്‍ തുടര്‍ച്ചയായി ആക്രമിച്ച വിയ്യാറല്‍ 41 മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഫ്രാന്‍സിസ് കോക്വലിന്‍ വകയായിരുന്നു രണ്ടാമത്തെ ഗോള്‍. ഇതോടെ കാര്യങ്ങള്‍ ലിവര്‍പൂളിന്റെ കൈവിട്ടു പോകുമെന്ന് തോന്നിച്ചു. രണ്ടാം ഗോളിന് മുന്‍പ് ലിവര്‍പൂള്‍ ഗോളിക്കെതിരായ ഫൗള്‍ അപ്പീല്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ പൂര്‍ണമായും കൈവശപ്പെടുത്താന്‍ വിയ്യാറലിന് സാധിക്കുമായിരുന്നു

എന്നാല്‍ രണ്ടാം പകുതിയില്‍ കണ്ടത് മറ്റൊരു ലിവര്‍പൂളിനെയാണ്. വിയ്യാറലിനെ ഇരു വിംഗുകളില്‍ നിന്നും തുടരെ തുടരെ ആക്രമിച്ച റെഡ്‌സ് 62 മിനുറ്റില്‍ ഫാബിന്യോയിലൂടെ ഒരു ഗോള്‍ മടക്കി. കണ്ണടച്ചു തുറക്കും മുന്‍പ് 67-ാമത്തെ മിനുറ്റില്‍ ലൂയില്‍ ഡയസിലൂടെ രണ്ടാം ഗോളും തിരിച്ചടിച്ച ലിവര്‍പൂള്‍ കളി വരുതിയിലാക്കി. മൂന്ന് മിനുറ്റ് മുന്‍പ് ഡീഗോ ജോട്ടെയ്ക്ക് പകരക്കാരനായി എത്തിയായിരുന്നു ഡയസിന്റെ ഗോള്‍. 74-ാം മിനുറ്റില്‍ പന്തിനായി കേറി വന്ന ഗോള്‍ കീപ്പറെ മറികടന്ന് സാദിയോ മാനെ റെഡ്‌സ് ഗോള്‍ പട്ടിക തികച്ചു. മത്സരം കൈവിട്ടെങ്കിലും കാണികളെ ആവേശഭരതമാക്കിയ കളിയാണ് വിയ്യാറല്‍ പുറത്തെടുത്തത്.

അതേസമയം റയല്‍ മാഡ്രിഡിനോട് 2018ലെ കണക്കുതീര്‍ക്കുമെന്ന് സൂചന നല്‍കി ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാ. 2018ലെ ഫൈനലില്‍ റയലിനോട് ലിവര്‍പൂള്‍ ഫൈനലില്‍ തോറ്റിരുന്നു. ഇത്തവണ റയലിനോട് ഫൈനല്‍ കളിക്കാനാണ് ആഗ്രഹമെന്ന് സലാ സെമിഫൈനലിന് ശേഷം പറഞ്ഞു. 2018ലെ ഫൈനലില്‍ പരിക്കേറ്റ സലാ കളിച്ചിരുന്നില്ല. മാഞ്ചസ്റ്റര്‍ സിറ്റിയാണ് സെമി ഫൈനലില്‍ റയലിന്റെ എതിരാളികള്‍.

No comments